ന്യൂഡെല്‍ഹി: രാജ്യത്തെ പ്രധാന പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റര്‍. രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെയാണ് ട്വിറ്ററിന്റെ പുതിയ നടപടി.
കോണ്‍ഗ്രസ് വക്താവ് രണ്‍ദ്വീപ് സുര്‍ജേവാലയുടെ അടക്കം അഞ്ച് മുതിര്‍ന്ന നേതാക്കളുടെ അക്കൗണ്ടുകളും പൂട്ടിയതായി ട്വിറ്ററില്‍ നിന്ന് അറിയിപ്പുണ്ട്. പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ട് ലോക്ക് ചെയ്ത വിവരം ഫേസ്ബുക്കിലൂടെ സ്ക്രീന്‍ഷോട്ട് സഹിതമാണ് കോണ്‍ഗ്രസ് അറിയിച്ചത്.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചതായി കാണിച്ചാണ് നടപടി. മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങള്‍ അനുമതി കൂടാതെ പ്രസിദ്ധീകരിക്കാനോ പോസ്റ്റ് ചെയ്യാനോ പാടില്ലെന്നും ട്വിറ്റര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.
ഒമ്പതു വയസ്സുള്ള ദളിത് പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തുകൊണ്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കളുള്പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെ പരസ്യപ്പെടുത്തിയിരുന്നു. ഇതാണ് വിലക്കിന് കാരണമായതെന്നാണ് വിലയിരുത്തല്‍. അജയ്മാക്കന്, കെ സി വേണുഗോപാല്‍ എന്നിവരുടെ അക്കൗണ്ടുകള്‍ക്കും വിലക്കുണ്ട്.
എന്നാല്‍ ബലാത്സംഗത്തിന് ഇരയാകുന്നവര്‍ക്ക് നീതി തേടി ശബ്ദം ഉയര്‍ത്തുന്നത് കുറ്റകരമാണെങ്കില്‍, ഞങ്ങള്‍ ഈ കുറ്റകൃത്യം നൂറു തവണ ചെയ്യും, ‘കോണ്‍ഗ്രസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.