ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യറിന്‍റെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: ആലപ്പുഴ കോടതിയിൽ അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ സെസി സേവ്യറിന്‍റെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിശദമായി വാദം കേൾക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. അതിനായി ഈ മാസം 30ന് വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കും. വഞ്ചന കുറ്റം ചുമത്തിയതിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്നാണ് സെസി സേവ്യറുടെ വാദം.

മനപ്പൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുൻകൂർ ജാമ്യാപേക്ഷയിലുണ്ട്. അഭിഭാഷകബിരുദം വ്യാജമാണെന്ന് വ്യക്തമായതോടെ പൊലീസ് നേരത്തെ സെസിക്കെതിരെ കേസെടുത്തിരുന്നു. കോടതിയിൽ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് കീഴടങ്ങാനായി സെസി സേവ്യർ എത്തിയെങ്കിലും കോടതിയിൽ നിന്നും ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെ മുങ്ങി.

ആൾമാറാട്ടവും വഞ്ചനയും ഉൾപ്പെട ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നോർത്ത് പൊലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് അറിഞ്ഞതോടെയാണ് സെസി മുങ്ങിയത്. സെസിക്കെതിരെ ആലപ്പുഴ ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ നോർത്ത് പൊലീസ് കേസടുത്ത് അന്വേഷണം തുടരുകയാണ്.

സിവിൽ കേസുകളിൽ അടക്കം കോടതിക്ക് നേരിട്ട് പോകാൻ കഴിയാത്ത സ്ഥലങ്ങളിൽ അഭിഭാഷക കമ്മീഷനെ നിയോഗിക്കാറുണ്ട്. ഈ രീതിയിൽ സെസി സേവ്യർ പല കേസുകളിലും ഹാജരായിട്ടുണ്ട്. ഇതോടൊപ്പം ലീഗൽ സർവീസ് അതോറിറ്റിയിലും പ്രവർത്തിച്ചതായി പറയുന്നു. മതിയായ യോഗ്യത ഇല്ലാത്ത ഇവർ ന‌ൽകിയ റിപ്പോർട്ട് പരിഗണിച്ച് കോടതി വിധി പറഞ്ഞ കേസുകൾ വലിയ നിയമപ്രശ്ങ്ങൾ ക്ഷണിച്ചുവരുത്തുമെന്നാണ് വിലയിരുത്തൽ.

ഇതെല്ലാം പരിഗണിച്ചാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വഴി പ്രത്യേകം നിയമനടപടിക്ക് ബാർ കൗൺസിൽ ഒരുങ്ങുന്നത്. കൂടുതൽ വ്യാജ അഭിഭാഷകർ പ്രാക്ടീസ് ചെയ്യുന്നുണ്ടോയെന്ന സംശയത്തിൽ സമഗ്ര പരിശോധന നടത്താനും കേരള ബാർ കൗൺസിൽ ആലോചിക്കുന്നുണ്ട്.

ബിരുദ സർട്ടിഫക്കറ്റുകൾ കൃത്യമായി പരിശോധിക്കാതെ സെസി സേവ്യറിന് അംഗത്വം നൽകിയതിന്‍റെ പേരിൽ ആലപ്പുഴ ബാർ അസോസിയേഷനിൽ ഭിന്നത രൂക്ഷമാണ്. അഭിഭാഷക സംഘടനകൾ തമ്മിൽ രാഷ്ട്രീയ പോരും ശക്തമായിട്ടുണ്ട്. ഇക്കഴിഞ്ഞ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ലോയേഴ്സ് കോൺഗ്രസിന്‍റെ പിന്തുണയോടെ മത്സരിച്ച സെസി വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സിപിഎം – സിപിഐ സംഘടനകൾ തമ്മിലെ ചേരി പോരും ഇവർക്ക് തുണയായി.