ബംഗളൂരു: പുതുതായി നിയമിതനായ കര്‍ണാടക മുഖ്യമന്ത്രിക്ക് പാര്‍ക്കാന്‍ ഔദ്യോഗിക വസതിയില്ല. മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഔദ്യോഗിക വസതിയില്ലാത്തതിനാല്‍ ആര്‍ടി നഗറിലെ സ്വന്തം വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. രാവിലെ യോഗങ്ങള്‍ക്കായി സര്‍ക്കാര്‍ ഗസ്റ്റ്ഹൗസായ കുമാര കൃപ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ ഈ അവസ്ഥയ്ക്ക് കാരണം മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ്. കഴിഞ്ഞ മാസം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച യെദ്യൂരപ്പ ഔദ്യോഗിക വസതിയായ കാവേരിയില്‍ തുടരുന്നതിനാലാണ്് ബസവരാജിന് വസതി ലഭിക്കാത്തതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കര്‍ണാടക മുഖ്യമന്ത്രിമാര്‍ക്ക് സ്ഥിരമായി ഒരു ഔദ്യോഗിക വസതി സംസ്ഥാനത്ത് ഇല്ല. മുഖ്യമന്ത്രിമാര്‍ അവരുടെ വിശ്വാസത്തിനും വാസ്തുവും അടിസ്ഥാനമാക്കി വസതി തെരഞ്ഞെടുക്കുന്ന രീതിയാണ് പൊതുവെയുള്ളത്. അതേസമയം, നിലവില്‍ ഔദ്യോഗിക പദവികള്‍ ഒന്നും വഹിക്കാത്ത യെദ്യൂരപ്പയ്ക്ക് നിയമപ്രകാരം സര്‍ക്കാരിന്റെ ഔദ്യോഗിക വസതി നല്‍കേണ്ടതില്ല.
മുഖ്യമന്ത്രി പദവി രാജിവെച്ച ശേഷം മൂന്ന് മാസം വരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കഴിയാവുന്നതാണ്. അതിന് ശേഷം താമസിക്കുന്നതിന് പ്രതിമാസം വാടക നല്‍കേണ്ടതായി വരും. ഈ ഇളവും കുറച്ച് മാസങ്ങളോടെ അവസാനിക്കുകയും ചെയ്യുമെന്നാണ് നിലവിലെ ചട്ടം. തുടര്‍ന്ന് ഔദ്യോഗിക ബംഗ്ലാവ് യെദ്യൂരപ്പയ്ക്ക് ഒഴിഞ്ഞു കൊടുക്കേണ്ടി വരും.