രണ്ട് ഡോസ് വാക്സീനുകൾ എടുത്തവർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കരുതെന്ന് കേന്ദ്രം

ന്യൂഡെൽഹി: അന്തർസംസ്ഥാന യാത്രയ്ക്ക് രണ്ട് ഡോസ് വാക്സീനുകൾ എടുത്തവർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ടൂറിസം മന്ത്രാലയമാണ് ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നല്‍കിയത്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും യാത്രയുടെ കാര്യത്തില്‍ ഒരു ഏകീകൃത പ്രോട്ടോക്കോൾ സ്വീകരക്കണമെന്ന് മന്ത്രാലയം സംസ്ഥാന സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നിലവിൽ ചില സംസ്ഥാനങ്ങൾ രണ്ട് ഡോസ് വാക്സീനും എടുത്തവരെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ പ്രവേശിക്കാൻ അനുവദിക്കുന്നുണ്ട്. എന്നാൽ പശ്ചിമബംഗാൾ (മുംബൈ, പൂനെ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്), കർണാടക, ഗോവ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ രണ്ട് ഡോസ് വാക്സീന്‍ എടുത്തവരായാലും ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നീര്‍ബന്ധിമാക്കിയിരിക്കുന്നത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

കേരളത്തില്‍ കൊറോണ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കര്‍ണാടകത്തിന് പുറമേ തമിഴ്നാട്ടിലും കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. രണ്ട് ഡോസ് വാക്സീനെടുത്തവര്‍ക്കും കര്‍ണാടകയിലെത്താന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. കേന്ദ്ര നിര്‍ദ്ദേശം യാത്രക്കാര്‍ക്ക് ആശ്വാസമാകും.