Home Local News എ.ടി.എം തകരാര്‍; 9000 രൂപ നഷ്​ടമായ ഇടപാടുകാരന് 36500 രൂപ നൽകാൻ ഓംബുഡ്സ്മാന്‍ വിധി

എ.ടി.എം തകരാര്‍; 9000 രൂപ നഷ്​ടമായ ഇടപാടുകാരന് 36500 രൂപ നൽകാൻ ഓംബുഡ്സ്മാന്‍ വിധി

0

കുറ്റ്യാടി: എടിഎം തകരാര്‍ മൂലം 9000 രൂപ നഷ്​ടമായ ഇടപാടുകാരന് ഓംബുഡ്സ്മാന്‍ ഇടപെട്ട് നഷ്​ടപ്പെട്ട തുകയും 27,500 രൂപ നഷ്​ടപരിഹാരവും നല്‍കി. 2020 നവംബറിലാണ്​ കുറ്റ്യാടി വേളം ശാന്തിനഗറിലെ ഒതയോത്ത്​ വാരിദിന്​ പണം നഷ്​ടമായത്​. കുറ്റ്യാടിയിലെ സ്വകാര്യ ബാങ്കിന്‍റെ എടിഎമ്മില്‍നിന്ന് 9000 രൂപ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പണം ലഭിച്ചിരുന്നില്ല. എന്നാല്‍, അത്രയും തുക അക്കൗണ്ടില്‍നിന്ന് കുറവുവന്നതായി മൊബൈല്‍ സന്ദേശവും ലഭിച്ചു.

ഗവൺമെൻ്റ് ആശുപത്രിക്കടുത്ത എടിഎമ്മില്‍ നിന്നാണ് അനുഭവമുണ്ടായത്.
തുടര്‍ന്ന് ബാങ്ക് ശാഖയില്‍ ചെന്ന് പരാതിപ്പെട്ടെങ്കിലും ഹെല്‍പ്​ലൈനില്‍ പറയാനായിരുന്നു നിര്‍ദേശം. നിരന്തരം ബന്ധപ്പെട്ടിട്ടും പണം തിരിച്ചു കിട്ടിയില്ല. വിദേശത്ത് പോയ വാരിദ്​ മാസങ്ങളോളം ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. തൊട്ടുടനെ എംടിഎം കൗണ്ടര്‍ സന്ദര്‍ശിച്ച ആള്‍ പണമെടുത്തിട്ടുണ്ടാവുമെന്നും അന്വേഷിച്ചു കണ്ടെത്താമെന്നുമായിരുന്നു പിന്നീട് ലഭിച്ച മറുപടി.

ബാങ്കിൽ നിന്നും ലഭിച്ച മറുപടിയെ തുടർന്ന് നാട്ടിലെ ബന്ധുവിൻ്റെ സഹായത്തോടെ ഓംബുഡ്സ്മാനെ സമീപിക്കുകയായിരുന്നു. ഇതോടെ ഇടപാടുകാരന് നഷ്ടപ്പെട്ട തുകയും ഒരു ദിവസത്തേക്ക് 100 രൂപ നിരക്കില്‍ 27,500 രൂപ നഷ്​ടപരിഹാരവും അടക്കം 36,500 നല്‍കാനും വിധിച്ചു. പരാതിക്കാരന് ഒരു മാസത്തിനകം പണം ലഭിക്കുകയും ചെയ്തു.

റിസര്‍വ്​ ബാങ്കിൻ്റെ ബാങ്കിങ് ഓംബുഡ്സ്മാന്‍ വെബ്സൈറ്റ്‌ വഴിയാണ് പരാതി സമര്‍പ്പിച്ചത്. സമാനമായി പലര്‍ക്കും പണം നഷ്​ടപ്പെടുന്നുണ്ട്. എന്നാൽ എന്തു ചെയ്യണമെന്ന് അറിയാത്തതിനാൽ ഇത്തരം സംവിധാനങ്ങള്‍ അധികമാരുംഉപയോഗപ്പെടുത്താറില്ല.

LEAVE A REPLY

Please enter your comment!
Please enter your name here