പൊന്നാനി: സൗജന്യമായോ കുറഞ്ഞ നിരക്കിലോ സര്‍ക്കാര്‍ നല്കിയ ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിലും ഭൂരിപക്ഷം മത്സ്യത്തൊഴിലാളികള്‍ക്കും ധരിക്കാന്‍ മടിയാണ്. ഇതോടെ പരിശോധന കര്‍ശനമാക്കാന്‍ ഫിഷറീസ് അധികൃതര്‍ രംഗത്തെത്തി. കടലില്‍ പോകുമ്പോള്‍ ലൈഫ് ജാക്കറ്റ് ധരിക്കണമെന്ന് ഫിഷറീസ് വകുപ്പിെന്റ നിരന്തര മുന്നറിയിപ്പ് ഉണ്ടെങ്കിലും ധരിക്കാന്‍ മടി കാണിക്കുകയാണ് മത്സ്യത്തൊഴിലാളികള്‍.
തുടര്‍ച്ചയായുള്ള അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷ ഉപകരണങ്ങളില്ലാതെ കടലില്‍ പോകുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ടുപോകാനാണ് ഫിഷറീസ് വകുപ്പിൻ്റെ തീരുമാനം. മറൈന്‍ എന്ഫോഴ്സ്മെന്റിെന്റയും ലോക്കല്‍ പൊലീസിൻ്റെയും സഹകരണത്തോടെ വകുപ്പ് തിരച്ചില്‍ ശക്തമാക്കുന്നതോടെ സുരക്ഷ ഉപകരണങ്ങളില്ലാത്ത വള്ളങ്ങള്‍ക്ക് പിടിവീഴും.
വള്ളമുടമക്കെതിരെയാണ് നടപടി. പിഴയും ലൈസന്‍സ് റദ്ദാക്കലുമടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം പൊന്നാനിയില്‍ ശക്തമായ തിരയില്‍പെട്ട് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. ഇവരാരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. ലൈഫ് ജാക്കറ്റുള്ളവര് പോലും ഇടാന്‍ മടിക്കുന്നുവെന്നു തന്നെയാണ് തീരദേശ പൊലീസിൻ്റെ അഭിപ്രായം.
അപകടങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിട്ടും സുരക്ഷ ഉപകരണങ്ങള്‍ ഉപയോഗിക്കാത്തതിനാല്‍ ബോധവത്കരണം ആവശ്യമാണ്. ഇതു സംബന്ധിച്ച് ക്യാമ്പെയിന് സംഘടിപ്പിക്കാന്‍ തീരദേശ പൊലീസ് ആലോചിക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
വള്ളങ്ങളുടെ രജിസ്ട്രേഷന് സമയത്തും വര്‍ഷാവര്‍ഷം ലൈസന്‍സ് പുതുക്കുമ്പോഴും ലൈഫ് ജാക്കറ്റടക്കമുള്ള സുരക്ഷ ഉപകരണങ്ങള്‍ വള്ളങ്ങളിലുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതാണ്.
ലൈഫ് ജാക്കറ്റുകള്‍ ധരിക്കണമെന്ന് നിരവധി തവണ നിര്‍ദേശവും നല്കി. ഇനിയും ജാക്കറ്റ് ലഭിക്കാത്തവരുണ്ടെങ്കില്‍ അവര്‍ക്ക് എത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ അറിയിച്ചു. ലൈഫ് ജാക്കറ്റ് ധരിക്കാതെ ഇനിമുതല്‍ കടലില്‍ പോകാന്‍ അനുവദിക്കില്ലെന്ന് ഫിഷറീസ് ഡി.ഡി മുന്നറിയിപ്പ് നല്കി. ലൈഫ് ജാക്കറ്റ് ധരിക്കാതെ മീന്‍പിടിക്കാന്‍ പോയാല്‍ തീരദേശ പൊലീസ് പരിശോധന നടത്തി ഫിഷറീസ് അധികാരികളെ വിവരമറിയിക്കും.
മാത്രമല്ല വള്ളം പിടികൂടി ഉടമക്കെതിരെ കേസെടുക്കുകയും 25,000 രൂപ വരെ പിഴ ഈടാക്കുകയും ചെയ്യുമെന്ന് ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു. കടലില്‍ തീരദേശ പൊലീസും ഫിഷറീസ് വകുപ്പും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. മത്സ്യഫെഡ് വ്യാസ സ്റ്റോര്‍ വഴി നല്ലയിനം ലൈഫ് ജാക്കറ്റ് വിതരണം ചെയ്യുന്നുണ്ട്.