മുംബൈ: കൊക്കെയ്നുമായി ടാൻസാനിയൻ യുവതി പിടിയിൽ. മുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജന്റ്സ് യുവതിയെ പിടികൂടിയത്. 810 ഗ്രാം കൊക്കെയിൻ വയറിനുള്ളിലാക്കി കടത്തുന്നതിനിടെയാണ് യുവതി ഇന്റലിജൻസിന്റെ വലയിലായത്. ക്യാപ്സൂകളായിട്ട് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് യുവതി പിടിയിലായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
10 ഗ്രാം വീതമുള്ള ചെറിയ ക്യാപ്സൂളുകളാക്കിയാണ് യുവതി കൊക്കെയിൻ കടത്താൻ ശ്രമിച്ചത്. ഇത്തരത്തിൽ 65 ക്യാപ്സൂളുകളാണ് വയറിനുള്ളിൽ നിന്ന് ഇന്റലിജൻസ് കണ്ടെടുത്തത്. ഇത് കൂടാതെ 160 ഗ്രാമിന്റെ വേറെ ക്യാപ്സൂളുകളും യുവതിയുടെ പക്കൽ നിന്ന് കണ്ടെടുത്തയായി ഉദ്യോഗസ്ഥർ പറയുന്നു.
രഹസ്യവിവരത്തെ തുടർന്ന് കിത്വന വർധ റമദാനി എന്ന ടാൻസാനിയൻ യുവതിയെ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരുടെ പക്കൽ നിന്ന് കൊക്കെയ്ൻ കണ്ടെത്തുകയുമായിരുന്നു. ടാൻസാനിയയിലെ ദാർ എസ് സലാമിൽ നിന്ന് ആഡിസ് അബാബ വഴിയാണ് യുവതി മുംബൈയിലെത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ യുവതിയെ പരിശോധന നടത്തിയപ്പോൾ ക്യാപ്സൂൾ രൂപത്തിലുള്ള 160 ഗ്രാം കൊക്കെയ്ൻ കണ്ടെത്തുകയായിരുന്നു. ഇത് കൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിച്ചതോടെ അറസ്റ്റ് ചെയ്ത് കോടതിയിൽ കൊണ്ടു പോകാൻ തീരുമാനിച്ചു. എന്നാൽ കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് നടത്തിയ മെഡിക്കൽ ടെസ്റ്റിൽ വയറിനുള്ളിലെ ക്യാപ്സൂളുകൾ ശ്രദ്ധയിൽ പെടുകയായിരുന്നുവെന്ന് ഡി.ആർ.എസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. ഓഗസ്റ്റ് 24 വരെ യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.