പത്തനംതിട്ട: ശബരിഗിരി വൈദ്യുത പദ്ധതിയുടെ സംഭരണികളിൽ വൻതോതിൽ ജലനിരപ്പ് ഉയരുന്നു. മുൻ വർഷങ്ങളിലേക്കാൾ 11 ശതമാനം അധികം വെള്ളമാണ് നിലവിലുള്ളത്. പദ്ധതിയുടെ വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിദിനം ശരാശരി 49 മില്ലി മീറ്റർ മഴയാണ് ശബരിഗിരി ജല വൈദ്യുത പ്രദേശത്ത് ലഭിച്ചത്. പ്രധാന സംഭരണിയായ കക്കി ആനത്തോട് അണക്കെട്ടിൽ 973.59 മീറ്റർ വെള്ളമാണ് ഉള്ളത്. ഇതിന്റെ പരമാവധി സംഭരണ ശേഷി 981. 45 മീറ്ററാണ്. 986.32 മീറ്റർ ശേഷിയുള്ള ഉപ സംഭരണിയായ പമ്പ അണക്കെട്ടിൽ 974.25 മീറ്ററാണ് നിലവിലെ നിരപ്പ്.
ഗവി , കുള്ളാർ, മീനാർ സംഭരണികളിലും പരാമവധി ശേഷിക്ക് അടുത്ത് എത്തി. ആകെയുള്ള കണക്ക് പ്രകാരം 71.28 ശതമാനമാണ് നിലവിലെ ജലനിരപ്പ്. ഇത് എൺപത് ശതമാനത്തിലെത്തിയാൽ അതീവ ജാഗ്രത പുലർത്തി മുന്നറിയിപ്പ് നൽകും.