കൊച്ചി: കോവാക്സിന് അംഗീകാരമില്ലാത്തതിനാല്‍ സൗദിയിലേക്ക് പോകാനാവാത്ത സാഹചര്യത്തില്‍ മൂന്നാം ഡോസായി കോവിഷീല്‍ഡ് വാക്സിന് നല്‍കണമെന്ന ആവശ്യം ഗൗരവമുള്ളതെന്ന് ഹൈകോടതി. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വിശദീകരണം നല്‍കണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.
ഈ മാസം 30ന് മടങ്ങാനിരിക്കെയാണ് സൗദിയില്‍ കോവാക്സിന് അംഗീകാരമില്ലെന്ന് അറിഞ്ഞതെന്നും കോവിഷീല്‍ഡ് ഒരു ഡോസ്കൂടി നല്കാന് ഉത്തരവിടണമെന്നുമാവശ്യപ്പെട്ട് പ്രവാസി കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി ഗിരികുമാര്‍ നല്കിയ ഹരജിയിലാണ് ജസ്റ്റിസ് പി.ബി.സുരേഷ് കുമാറിൻ്റെ നിര്‍ദേശം.
കൊറോണ രണ്ടാം തരംഗത്തിൻ്റെ തുടക്കത്തില്‍ നാട്ടിലെത്തിയ ഹർജിക്കാരന് കോവാക്സിന് രണ്ട് ഡോസും എടുത്തിരുന്നു. അംഗീകാരമില്ലെന്ന് അറിഞ്ഞിരുന്നെങ്കില്‍ എടുക്കുമായിരുന്നില്ലെന്നും ഇപ്പോള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ കോവിഷീല്‍ഡ് എടുക്കാന്‍ തയാറാണെന്നും ഹരജിക്കാരന് കോടതിയെ അറിയിച്ചു.
എന്നാല്‍, മൂന്നാം ഡോസ് നല്കാന് ക്ലിനിക്കല്‍ അംഗീകാരം ലഭിച്ചിട്ടില്ലെന്നും ഹരജിക്കാരൻ്റ ആവശ്യം അനുവദിച്ചാല്‍ സമാന ആവശ്യവുമായി ഒട്ടേറെപേര്‍ മുന്നോട്ടുവരുമെന്നും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കി.
ആദ്യ ഡോസ്പോലും കിട്ടാത്തവര്‍ ഇവിടെയുണ്ട്. ഈ സാഹചര്യത്തില്‍ മൂന്നാം ഡോസ് എന്ന ആവശ്യം അനുവദിക്കാന്‍ കഴിയില്ലെന്നും കേന്ദ്രം അറിയിച്ചു.
സംസ്ഥാന സര്‍ക്കാരും ഇതേ നിലപാട് ആവര്‍ത്തിച്ചു. ഹർജിക്കാരൻ്റെ ജോലി നഷ്ടമാവട്ടെ എന്നാണോ പറയുന്നതെന്ന് ആരാഞ്ഞ കോടതി, കുട്ടികളുടെ ഫീസും വായ്പ തിരിച്ചടവും ഒക്കെ ശമ്പളത്തില്‍നിന്ന് കൊടുക്കേണ്ടതല്ലേയെന്ന് സര്‍ക്കാരുകളോട് ചോദിച്ചു. തുടര്‍ന്ന് ഹർജി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.