സിപിഎം ഭരിക്കുന്ന വീണാലുക്കൽ റൂറൽ കോ-ഓപറേറ്റീവ് സൊസൈറ്റിയിൽ കോടികളുടെ തട്ടിപ്പ്; ഒൻപത് കോടിയിലധികം സർചാർജായി അടയ്ക്കാൻ ജോയിന്റ് രജിസ്ട്രാറുടെ നോട്ടീസ്

മലപ്പുറം: സിപിഎം നിയന്ത്രണത്തിലുള്ള വീണാലുക്കൽ റൂറൽ കോ-ഓപറേറ്റീവ് സൊസൈറ്റിയിൽ കോടികളുടെ തട്ടിപ്പ്. സൊസൈറ്റിയിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് സർചാർജായി ഒൻപത് കോടിയിലധികം രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് രജിസ്ട്രാർ ഡയറക്ടർ ബോർഡംഗങ്ങൾക്ക് നോട്ടീസ് നൽകി. ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങാനിരിക്കേയാണ് നോട്ടീസ്.

സിപിഎം നിയന്ത്രണത്തിലുള്ള പറപ്പൂർ വീണാലുക്കൽ റൂറൽ കോ-ഓപറേറ്റീവ് സൊസൈറ്റിയിൽ 2019 ഫെബ്രുവരി 28-ന് നടന്ന പരിശോധനയിലാണ് കോടികളുടെ തട്ടിപ്പ് പുറത്തായത്. തട്ടിപ്പിനെത്തുടർന്ന് സഹകരണവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 600 പവനോളം സ്വർണ്ണാഭരണവും 88 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തിരുന്നു. ഇതുകൂടാതെ സ്ഥിരനിക്ഷേപത്തിൽനിന്ന് ഏഴുലക്ഷവും നഷ്ടപ്പെട്ടിരുന്നു.

സൊസൈറ്റി പ്രസിഡന്റും സിപിഎം നേതാവുമായ എം. മുഹമ്മദ് വേങ്ങര പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ജീവനക്കാരനായ മൂച്ചിക്കാടൻ ജബ്ബാറിനെയും താത്കാലിക ജീവനക്കാരനായ ഷഹദ് ഷഹീറിനെയും വേങ്ങര പോലീസ് അറസ്റ്റുചെയ്തിരുന്നു. തെളിവെടുപ്പിനിടെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് പ്രതികൾ പണയംവെച്ച നാല് കിലോ സ്വർണ്ണം കണ്ടെടുത്തിരുന്നു. മലപ്പുറം ഡിവൈ.എസ്.പി. ജലീൽ തോട്ടത്തിലിനായിരുന്നു അന്വേഷണച്ചുമതല.

ഒന്നാംപ്രതി ജബ്ബാർ 5.4 കോടി, സെക്രട്ടറി പികെ പ്രസന്നകുമാരി 2.2 കോടി, സൊസൈറ്റി പ്രസിഡന്റ് എം മുഹമ്മദ് 98.37 ലക്ഷം, വൈസ് പ്രസിഡന്റ് സി. കബീർ 438 ലക്ഷം, സിപി.എം. ജില്ലാകമ്മിറ്റിയംഗം വി.ടി. സോഫിയ 5.53 ലക്ഷം, അലവിക്കുട്ടി ആലങ്ങാടൻ 8.55 ലക്ഷം, ടി.കെ. അലവി 8.84 ലക്ഷം, കെ.എം. പറങ്ങോടൻ 7.83 ലക്ഷം, മണി ഐക്കാടൻ 5.82 ലക്ഷം, സത്യഭാമ 1.25 ലക്ഷം, പി.കെ. അലവി 7.40 ലക്ഷം, പ്രേമലത 5.82 ലക്ഷം, ഡോ. അലസി കോട്ടക്കാരൻ 64,000 എന്നിങ്ങനെയാണ് ബാധ്യത കണക്കാക്കിയിട്ടുള്ളത്. തുക അടയ്ക്കുകയോ ആഗസ്റ്റ് 18-ന് കാരണം ബോധിപ്പിക്കുകയോ ചെയ്തില്ലെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു.