ഇസ്ലാമാബാദ് : മതനിന്ദ ആരോപിച്ച് എട്ട് വയസ്സുകാരനായ ഹിന്ദു ബാലനെ അറസ്റ്റ് ചെയ്ത് പാകിസ്ഥാൻ. മദ്രസയുടെ പരവതാനിയിൽ മൂത്രമൊഴിച്ചതിന്റെ പേരിലാണ് കുട്ടിയുടെ പേരിൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം പാകിസ്താൻ ചുമത്തിയത് .
സംഭവത്തെ തുടർന്ന് ആൺകുട്ടിയെ പോലീസ് കസ്റ്റഡിയിൽ’ എടുക്കുകയും ജയിലിൽ അടക്കുകയും ചെയ്തിരുന്നു . ആൺകുട്ടി ജാമ്യത്തിലിറങ്ങിയ ശേഷമാണ് പാകിസ്ഥാനിൽ മുസ്ലീം ജനക്കൂട്ടം ഹിന്ദു ക്ഷേത്രം ആക്രമിച്ച സംഭവമുണ്ടായത്. ഇതോടെ ഭയചകിതരായ ഹിന്ദുക്കൾ പലരും വീടുകളിൽ നിന്ന് പലായനം ചെയ്തതായും റിപ്പോർട്ടുകളുണ്ട് .
കുട്ടിയുടെ കുടുംബവും നിലവിൽ ഒളിവിലാണ്. കുട്ടിക്ക് മതനിന്ദ എന്ന കുറ്റത്തെക്കുറിച്ച് പോലും അറിയില്ല. താൻ ചെയ്ത കുറ്റകൃത്യം എന്താണെന്നും എന്തുകൊണ്ടാണ് ഒരാഴ്ച ജയിലിൽ കിടന്നതെന്നും കുട്ടിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും കുടുംബാംഗം മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘ ഞങ്ങളുടെ കടകളും ജോലിയും ഉപേക്ഷിച്ചാണ് ഞങ്ങൾ പോയത് .ഇങ്ങോട്ട് മടങ്ങാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. മാത്രമല്ല ഹിന്ദു സമൂഹം ആകെ ഭയത്തിലാണ് . കുറ്റവാളികൾക്കെതിരെയോ അല്ലെങ്കിൽ ഇവിടെ താമസിക്കുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനോ അർത്ഥവത്തായ ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല ”കുടുംബാംഗം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു’
1986 -ൽ മതനിന്ദ കുറ്റത്തിന് വധശിക്ഷ നടപ്പാക്കിയതിന് ശേഷം രാജ്യത്ത് മതനിന്ദാപരമായ കുറ്റത്തിന് വധശിക്ഷകൾ നടപ്പാക്കിയിട്ടില്ലെങ്കിലും, പ്രതികൾ പലപ്പോഴും ആക്രമിക്കപ്പെടുകയും ജനക്കൂട്ടത്താൽ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട് . ‘ എട്ടുവയസ്സുള്ള പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരായ മതനിന്ദ ആരോപണം ശരിക്കും ഞെട്ടിച്ചു. നൂറിലധികം ഹിന്ദു വിശ്വാസികൾ ആക്രമണ ഭയം കാരണം ഒഴിഞ്ഞുപോയി.‘ പാകിസ്ഥാൻ ഹിന്ദു കൗൺസിൽ തലവൻ രമേശ് കുമാർ പറഞ്ഞു