ഒബിസി പട്ടിക തയ്യാറാക്കുന്നതിന് സംസ്ഥാനങ്ങളുടെ അവകാശം പുനസ്ഥാപിച്ച് ബില്‍ പാസാക്കി; പിന്തുണച്ച് പ്രതിപക്ഷം

ന്യൂഡെൽഹി: ഒബിസി പട്ടിക തയ്യാറാക്കുന്നതിന് സംസ്ഥാനങ്ങളുടെ അവകാശം പുനസ്ഥാപിക്കുന്നതിനുള്ള ബില്‍ ലോക്സഭ പാസാക്കി. 385 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു. ആരും എതിര്‍ത്തില്ല. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ബില്ല് പാസായത്.

ഭരണഘടനയിലെ മൂന്ന് അനുച്ചേദങ്ങളിലാണ് 127 -ാം ഭേദഗതിയിലൂടെ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. മറാത്ത സംവരണ കേസിലെ സുപ്രീംകോടതി വിധി മറികടക്കാന്‍ വ്യവസ്ഥകളുള്ള ബില്ല് നാളെ രാജ്യസഭയിലും കൊണ്ടുവരും.

മറാത്താ സംവരണം റദ്ദാക്കിയ സുപ്രീംകോടതി ഒബിസി പട്ടികയില്‍ ഏതെങ്കിലും വിഭാഗത്തെ ഉള്‍പ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമെന്ന് വ്യക്തമാക്കിയിരുന്നു. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് കേന്ദ്രസര്‍ക്കാര്‍ ഭരണഘടന പദവി നല്‍കിയ സാഹചര്യത്തിലാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി തീരുമാനം ചൂണ്ടിക്കാട്ടി കേരളത്തില്‍ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഹൈക്കോടതി തടഞ്ഞിരുന്നു.