കൊച്ചി: അണുനശീകരണത്തിന് ചെലവ് കുറഞ്ഞ അള്‍ട്രാവയലറ്റ് സ്റ്റെറിലൈസര്‍ വികസിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍. വീടുകളിലും സ്‌ഥാപനങ്ങളിലും കൊറോണ അണുനശീകരണത്തിനായി പൊതുവിപണിയില്‍ അന്‍പതിനായിരം മുതല്‍ 2.40 ലക്ഷം രൂപവരെ വിലവരുന്ന അള്‍ട്രാവയലറ്റ് യന്ത്രം പതിനായിരം രൂപയില്‍ താഴെ മുതല്‍മുടക്കിലാണ് എറണാകുളം ബോംബ് സ്‌ക്വാഡ് അംഗമായ സിവില്‍ പോലീസ് ഓഫീസര്‍ എസ്. വിവേക് നിര്‍മിച്ചത്.
രാസരീതികള്‍ ഉപയോഗിച്ച് അണുനശീകരണം സാധ്യമാകാത്ത
ലബോറട്ടറികള്‍, ഓഫീസുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ കുറഞ്ഞ സമയത്തിനുള്ളില്‍ യന്ത്രമുപയോഗിച്ച് ശുദ്ധീകരിക്കാം. പ്രവര്‍ത്തനം ആരംഭിച്ച് 20 സെക്കന്‍ഡുകള്‍ക്കു ശേഷമേ യന്ത്രം വികിരണങ്ങള്‍ പ്രസരിപ്പിക്കുകയുള്ളു.
അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ മനുഷ്യന് ഹാനികരമാണെന്നതിനാല്‍ ആരെങ്കിലും അണുനശീകരണ മേഖലയിലേക്ക് പ്രവേശിച്ചാല്‍ തനിയേ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന മോഷന്‍ സെന്‍സറുകളും ഘടിപ്പിച്ചിട്ടുണ്ട്.
യന്ത്രത്തിന്റെ കാര്യക്ഷമത തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ പരീക്ഷിച്ചാണ് ഇതിൻ്റെ ഫലപ്രാപ്തി ഉറപ്പാക്കിയത്. എരൂര്‍ ആസ്‌ഥാനമായ എറണാകുളം റേഞ്ച് സേ്‌റ്ററ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ബോംബ് സ്‌ക്വാഡില്‍ അംഗമാണ് ആലപ്പുഴ തുറവൂര്‍ സ്വദേശിയായ എസ്.വിവേക്.
പോലീസ് സേനക്ക് വേണ്ടി വിവേക് വികസിപ്പിച്ച നൂതന നിയന്ത്രിത സ്‌ഫോടന സംവിധാനം നിലവില്‍ സാങ്കേതിക അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടേതടക്കം വിവിധ പോലീസ് ഓഫീസുകളിലേക്ക് ഇദ്ദേഹം ഓട്ടോമാറ്റിക്ക് സാനിറ്റൈസര്‍ യന്ത്രങ്ങള്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ട്.