പുതിയ ദൗത്യത്തിന് തുടക്കം കുറിച്ച്‌ ഐഎസ്‌ആര്‍ഒ

ബംഗളൂരു: കൊറോണ മഹാമാരിക്കിടയിലും പുതിയ ദൗത്യത്തിന് തുടക്കം കുറിച്ച്‌ ഐഎസ്‌ആര്‍ഒ. ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-3 യുടെ വിക്ഷേപണത്തിനാണ് ഐഎസ്‌ആര്‍ഒ തയ്യാറെടുത്തിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ 5.43 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്നായിരിക്കും ഇ.ഒ.എസ് -3 നെയും വഹിച്ചുകൊണ്ട് ജി.എസ്.എല്‍.വി എഫ്-10 റോക്കറ്റ് കുതിച്ചുയരുക.

റോക്കറ്റ് രണ്ടാം വിക്ഷേപണ തറയിലേക്ക് മാറ്റുന്ന നടപടികള്‍ പൂര്‍ത്തിയായി. കാലാവസ്ഥ അനുകൂലമാണെങ്കില്‍ നിശ്ചയിച്ച പ്രകാരം വിക്ഷേപണം നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.

എല്ലാ ദിവസവും രാജ്യത്തിന്റെ സമഗ്രവും വ്യക്തവുമായ ഉപഗ്രഹചിത്രങ്ങള്‍ നാലും അഞ്ചും തവണ പകര്‍ത്താന്‍ ശേഷിയുള്ള അത്യാധുനിക ഉപഗ്രഹമാണ് വ്യാഴാഴ്ച വിക്ഷേപിക്കുന്നത്.
പ്രകൃതിദുരന്തം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയെ കുറിച്ച്‌ കൃത്യമായ മുന്നറിയിപ്പ് നല്‍കാനും ഉപഗ്രഹം നിര്‍ണായകമാകും.

ജലാശയങ്ങളുടെ സ്ഥിതി, കൃഷി, വനമേഖല എന്നിവയിലെ വ്യതിയാനങ്ങള്‍ തുടങ്ങിയവയും ഇ.ഒ.എസ്-3 പകര്‍ത്തും. കൊറോണ പ്രതിസന്ധിക്കിടെ നീണ്ട ഇടവേളക്കുശേഷമാണ് ഐ.എസ്.ആര്‍.ഒ വിക്ഷേപണം നടത്തുന്നത്.