തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്നുള്ള പൊലീസ് നടപടികളില്‍ വ്യാപക പരാതി ഉയരുമ്പോള്‍ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടില്‍ കാണരുതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ആരോപണങ്ങള്‍ പൊലീസിന് എതിരെ നടക്കുന്നത് പ്രചാരവേലയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അട്ടപ്പാടി ഷോളയൂരില്‍ ആദിവാസി മൂപ്പനെയും മകനെയും അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് ചെയ്യുന്നത് ഏല്‍പ്പിച്ച ചുമതലയാണ്. പൊലീസ് ജനങ്ങളുടെ കണ്ണീരൊപ്പുന്നു. സേന നടത്തുന്നത് ത്യാഗപൂര്‍ണമായ പ്രവര്‍ത്തനമാണ്. ഈ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയനേട്ടത്തിനായി നിസ്സാരവത്കരിക്കരുത്.
ക്രമസമാധാനം പുലരാന്‍ ആഗ്രഹിക്കാത്തവരാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പശുവിനെ മേയ്ച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് പിണറായി പറഞ്ഞു. അറസ്റ്റ് തടയാന്‍ ശ്രമിച്ച ഊരുമൂപ്പനും സംഘവും ആളെക്കൂട്ടി സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. വനിതാ സിപിഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. നിയമവാഴ്ച ഉറപ്പാക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പൊലീസ് അഴിഞ്ഞാട്ടമാണെന്നും അട്ടപ്പാട്ടി വിഷയത്തില്‍ ആദിവാസി സമൂഹത്തിനുണ്ടായ ആശങ്ക സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം അടിയന്തിര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീനാണ് വിഷയം സഭയില്‍ അറിയിച്ചത്.
ഞായറാഴ്ചയാണ് ഷോളയൂര്‍ ആദിവാസി ഊരില്‍ പൊലീസ് അതിക്രമമുണ്ടായത്. ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി വി എസ്. മുരുകനേയും പിതാവിനേയുമാണ് സ്ത്രീകളുടേയും കുട്ടികളുടേയും പ്രതിഷേധം വകവയ്ക്കാതെ പൊലീസ് കസ്റ്റഡിയിലെടുത്തത് മുരുകന്റെ പതിനേഴുവയസുള്ള മകനെ പൊലീസ് മുഖത്തടിച്ചതായും സ്ത്രീകളെയടക്കം പൊലീസ് ഉപദ്രവിച്ചതായും പരാതിയുണ്ട്.