രാജ്യത്ത് 28,204 പേര്‍ക്ക് കൊറോണ, 373 മരണം; 3.88 ലക്ഷം പേര്‍ ചികിത്സയിൽ

ന്യൂഡെൽഹി: ഇന്ത്യയില്‍ കൊറോണ വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,204 പേര്‍ക്ക് രോഗം ബാധിച്ചു. തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകളേക്കാള്‍ 20 ശതമാനം കുറവാണിത്.

41,511 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.45 ശതമാനമായി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ സംഖ്യ നാല് ലക്ഷത്തില്‍ താഴെയെത്തി. 3.88 ലക്ഷം പേരാണ് കൊറോണ ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത്.

കേരളത്തില്‍ തന്നെയാണ് രാജ്യത്തെ പ്രതിദിന കേസുകളില്‍ പകുതിയോളം. ഇന്നലെ സംസ്ഥാനത്ത് 13,049 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹരാഷ്ട്രയില്‍ 4,505 പേര്‍ക്കും രോഗമുണ്ട്.

373 മരണമാണ് കൊറോണ മൂലം ഇന്നലെ സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ മരണ സംഖ്യ 4.28 ലക്ഷമായി വര്‍ധിച്ചു. തിങ്കളാഴ്ച നൂറിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഏക സംസ്ഥാനവും കേരളമാണ്.

അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 54.91 വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.