ഇനി ഓണച്ചന്ത; വിവാദമായതോടെ ഓണം- മുഹറം വിപണിയിലെ മുഹറം ഒഴിവാക്കി കണ്‍സ്യൂമര്‍ഫെഡ്‌

കോഴിക്കോട് : വിവാദമായതോടെ ഓണം- മുഹറം വിപണിയുടെ പേരിലെ മുഹറം എന്ന ഭാഗം ഒഴിവാക്കി കണ്‍സ്യൂമര്‍ഫെഡ്‌. പരസ്യങ്ങളില്‍ നിന്നും മുഹറം എന്ന പേര് ഒഴിവാക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് പറഞ്ഞു. സഹകരണ വകുപ്പിന്റെ വിപണിക്ക് ഓണം-മുഹറം ചന്ത എന്നു പേരിട്ടത് വിവാദമായിരുന്നു.

നേരത്തെ തന്നെ ഓണം-മുഹറം വിപണി എന്നായിരുന്നു പേരുണ്ടായിരുന്നത്. തങ്ങളായിട്ട് ഇട്ട പേരല്ല അത്. അപ്പോള്‍ വിവാദമുണ്ടായ സാഹചര്യത്തില്‍ ആ പേര് ഒഴിവാക്കുകയാണ്. ഓണച്ചന്ത എന്ന പേരിലായിരിക്കും ഇനി അറിയപ്പെടുക എന്ന് മെഹബൂബ് പറഞ്ഞു.

കണ്‍സ്യൂമര്‍ ഫെഡിന്റെ വിപണി നാളെ തുടങ്ങുകയാണ്. 2000 ചന്തയാണ് ഒരുക്കിയിട്ടുള്ളത്. 13 ഇനം സാധനങ്ങള്‍ പകുതി വിലയ്ക്കും, ഓണത്തിന് ആവശ്യമായ മറ്റ് 36 ഇനത്തോളം സാധനങ്ങള്‍ 15 മുതല്‍ 40 ശതമാനം വരെ വിലകുറച്ചും വില്‍ക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ അറിയിച്ചു.

ഓണം മുഹറം ചന്തകള്‍ എന്നതില്‍ നിന്ന് സര്‍ക്കാര്‍ മുഹറം ഒഴിവാക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്തെത്തിയിരുന്നു. മുഹറം ആഘോഷമല്ലെന്നും മുഹറത്തിന് ചന്തകള്‍ തുറക്കേണ്ട ആവശ്യമില്ലെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. ഓണചന്തയ്‌ക്കൊപ്പം മുഹറം ചന്ത നടത്തുന്നത് മുസ്ലിങ്ങളെ കൈയിലെടുക്കാനുള്ള ചെപ്പടി വിദ്യയാണ്.

മുഹറം ഓണത്തെ പോലെ ഒരു ആഘോഷമല്ല മുസ്ലീങ്ങള്‍ക്ക് നൊമ്പരപ്പെടുത്തുന്ന യൂദ്ധ ദുരന്തങ്ങളുടെ സ്മരണയാണ്. മുഹറം മുസ്‌ലിം സമുദായത്തിന് ആഘോഷമല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും പിഎംഎ സലാം പറഞ്ഞു. മുഹറം ചന്ത അനാവശ്യവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ. ഹുസൈന്‍ മടവൂരും അഭിപ്രായപ്പെട്ടിരുന്നു.