ഇമ്രാനുവേണ്ടി സമാഹരിച്ച തുക സമാന രോഗം ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് നൽകും

മലപ്പുറം: സ്‌പൈനല്‍ മസ്കുലാര്‍ അട്രോഫി ബാധിച്ച്‌ കഴിഞ്ഞമാസം മരണമടഞ്ഞ ഇമ്രാനുവേണ്ടി സമാഹരിച്ച തുകയുടെ മുക്കാല്‍ ഭാഗവും ഇതേ രോഗം ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി വിനിയോഗിക്കാൻ തീരുമാനമായി. മങ്കട വലമ്പൂരില്‍ ചികിത്സാ – സഹായകമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. മങ്കട ഗവണ്‍മെന്‍റ് ആശുപത്രിയില്‍ കുട്ടികളുടെ ചികിത്സയ്ക്കായി ഇമ്രാന്റെ പേരില്‍ പ്രത്യേക ബ്ലോക്ക് നിര്‍മിക്കാനും ചികിത്സാസഹായ സമിതി തീരുമാനിച്ചു.

16.61 കോടി രൂപയാണ് ഇമ്രാന്റെ ചികിത്സക്ക് വേണ്ടി സമാഹരിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായ സര്‍വേയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. മഞ്ഞളാംകുഴി അലി എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചികിത്സ സഹായ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്.

തുക സമാന രോഗാവസ്ഥയില്‍ ഉള്ളവരുടെ ചികിത്സക്ക് കൈമാറണം എന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങള്‍ വഴി നടത്തിയ സര്‍വേയില്‍ ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെട്ടത്. സര്‍വേയില്‍ പങ്കെടുത്ത 75 ശതമാനം പേര്‍ ഇതേരോഗം ബാധിച്ച മറ്റു കുട്ടികള്‍ക്ക് സഹായമായി നല്‍കണമെന്ന് അഭിപ്രായപ്പെട്ടു. 25 ശതമാനം പേര്‍ ഇമ്രാന് സ്മാരകമായി കുട്ടികളെ ചികിത്സിക്കുന്നതിനുള്ള ആശുപത്രി നിര്‍മിക്കണമെന്നും ആവശ്യപ്പെട്ടു.

സമാന രോഗത്തിന് ചികിത്സയിലുള്ള 6 പേര്‍ക്ക് 12 കോടി രൂപ നല്‍കും. ക്രൗഡ് ഫണ്ടിംഗിലൂടെ 8 കോടി രൂപ സമാഹരിച്ചവര്‍ക്ക് ആകും 02 കോടി രൂപ വച്ച്‌ നല്‍കുക. ബാക്കി തുക കൊണ്ട് മങ്കട സര്‍ക്കാര്‍ ആശുപത്രിയില്‍ ഇമ്രാന്റെ പേരില്‍ കെട്ടിടം നിര്‍മിക്കും.2,86,000 ആളുകൾ സഹായം നല്‍കിയാണ് 16.61 കോടി രൂപ ലഭിച്ചത്.

നിർഭാഗ്യവശാല്‍ ഇമ്രാന് മരുന്ന് എത്തിക്കും മുന്‍പ് കുഞ്ഞ് ലോകത്തോട് വിട പറഞ്ഞു. പിന്നെ ഈ തുക എന്ത് ചെയ്യണം എന്ന് തീരുമാനിക്കാന്‍ ഓണ്‍ലൈന്‍ ആയി അഭിപ്രായ സര്‍വേ നടത്തുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 12 കോടി രൂപ ചികിത്സ സഹായം ആയി നല്‍കാന്‍ തീരുമാനിച്ചു. കോടതിയുടെ കൂടെ തീരുമാനം വന്നതിന് ശേഷമേ മറ്റ് നടപടികള്‍ എടുക്കൂവെന്ന് മഞ്ഞളാംകുഴി അലി എംഎല്‍എ പറഞ്ഞു.

മരുന്നിന്റെ വില 10 കോടിയായി കുറക്കാന്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ ഇടപെടലിലൂടെ കഴിഞ്ഞിരുന്നു. 8 കോടി രൂപ വരെ സമാഹരിച്ചവര്‍ക്ക് ബാക്കി 2 കോടി ഇതില്‍ നിന്ന് നല്‍കും. അങ്ങനെ 6 പേര്‍ക്കാണ് തുക നല്‍കുക. ഈ തീരുമാനം ഹൈക്കോടതിയെ അറിയിച്ച്‌ കോടതിയുടെ നിര്‍ദേശം കൂടി പരിഗണിച്ച്‌ ആകും തുടര്‍നടപടികള്‍ സ്വീകരിക്കുക. ഫണ്ട് എങ്ങനെ വിനിയോഗിക്കുമെന്ന് അറിയിക്കാന്‍ ഹൈക്കോടതി ചികിത്സാസമിതിയോട് ആവശ്യപ്പെട്ടിരുന്നു. മങ്കട വലമ്പൂര്‍ സ്വദേശി ആരിഫിന്റെ മകനായിരുന്നു ഇമ്രാന്‍. ഭീമമായ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍പ് ആരിഫ് ഹൈകോടതിയെ സമീപിച്ചിരുന്നു.