സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് നാനൂറു രൂപയാണ് ഇന്നു കുറഞ്ഞത്. ഇതോടെ പവന്‍ വില 34,680 ആയി. ഗ്രാമിന് 50 രൂപ താഴ്ന്ന് 4335 രൂപയായി. ശനിയാഴ്ച പവന്‍ വില 600 രൂപ ഇടിഞ്ഞിരുന്നു. ഈ മാസം ഇതുവരെ 1320 രൂപയാണ് പവന് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നു രേഖപ്പെടുത്തിയത്.

“രാജ്യാന്തര വിപണിയിൽ 2.5 ശതമാനത്തിൽ ഏറെയാണ് വില ഇടിവ്. സ്വര്‍ണ വില വീണ്ടും കുറയുമോ എന്ന ആശങ്ക നിക്ഷേപകര്‍ക്കിടയിലുമുണ്ട് . കഴിഞ്ഞ മാസം സ്വര്‍ണ വിലയിൽ വര്‍ധന ഉണ്ടായിരുന്നെങ്കിലും ഈ മാസം തുടക്കം മുതൽ സ്വര്‍ണ വിലയിൽ ഇടിവ് പ്രകടമാണ്. ഈ മാസം ഇതുവരെ സ്വര്‍ണ വില പവന് 920 രൂപ കുറഞ്ഞു.


വില ഇടിവിന് പിന്നിലെ കാരണങ്ങൾ

സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് ഒറ്റ ദിവസം കൊണ്ട് സ്വര്‍ണ വിലയിൽ ഉണ്ടായത്.ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് ഫെഡറൽ റിസർവിൻ്റെ നയങ്ങളുമാണ് സ്വര്‍ണ വില കുത്തനെ ഇടിയാൻ കാരണം. യുഎസിലെ തൊഴിലില്ലായ്മ നിരക്ക് ഇടിഞ്ഞതും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചത് സംബന്ധിച്ച കണക്കുകളും ഡോളറിന് ഗുണകരമായി. രാജ്യാന്തര വിപണിയിൽ 2.5 ശതമാനത്തോളമാണ് സ്വര്‍ണ വില ഇടിവ്.

വില വീണ്ടും കുറയുമോ?

ഓഗസ്റ്റിൽ സ്വര്‍ണ വിലയിൽ ഇടിവ് പ്രകടമാണെങ്കിലും സ്വർണ്ണ വിപണി ശക്തമായ സപ്പോര്‍ട്ട് നിലനിൽക്കുന്നതിൻെറ സാധ്യതകൾ വിദ്ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആഗോള വിപണിയിൽ കൊറോണ പരത്തുന്ന ആശങ്കകൾ നിലനിൽക്കുന്നതും പണലഭ്യത മുൻ നിര്‍ത്തി സ്വര്‍ണ നിക്ഷേപത്തിലേക്ക് ഇപ്പോൾ നിക്ഷേപകര്‍ തിരിഞ്ഞേക്കാം എന്നതും സ്വര്‍ണം തിരിച്ചു കയറാൻ സാധ്യതകളായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ ട്രോയ് ഔൺസിന് 1700 ഡോളര്‍ എന്ന നിലവാരത്തിലേക്ക് വില ഇടിയാൻ സാധ്യതയില്ല.

കരുത്താര്‍ജിച്ച് ഗോൾഡ് ഇടിഎഫുകൾ

ആഗോള വിപണിയിൽ ഗോൾഡ് ഇടിഎഫ് ഉൾപ്പെടെയുള്ള നിക്ഷേപങ്ങളിൽ നിക്ഷേപകര്‍ പണം ഒഴുക്കുന്നുണ്ട്. വേൾഡ് ഗോൾഡ് കൗൺസിൽ കണക്കു പ്രകാരം ജൂലൈയിൽ 11.1 ടൺ നിക്ഷേപമാണ് എത്തിയിരിക്കുന്നത്. വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോഴും ഒക്ടോബറിലെ റെക്കോര്‍ഡ് നിലവാരത്തിൽ നിന്ന് ഏഴ് ശതമാനം മാത്രമാണ് ഡിമാൻഡ് ഇടിഞ്ഞിരിക്കുന്നത്. സ്വര്‍ണ വിപണിയിലെ ഡിമാൻഡും സ്വര്‍ണം തിരിച്ചു കയറുമെന്ന സൂചനകൾ നൽകുന്നു.