കൊച്ചി: കൊറോണ പ്രതിരോധ വാക്സിനെടുക്കാത്തവര്‍ക്ക് കടകളിലും മറ്റു പൊതു സ്ഥലങ്ങളില്‍ പോകുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹർജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. തൃശൂര്‍ അന്നമനട സ്വദേശി പോളി വടക്കന്‍ ആണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.ഹർജിയില്‍ നാളെ കൂടുതല്‍ വാദം കേള്‍ക്കുമെന്നു കോടതി വ്യക്തമാക്കി.
പരസഹായമില്ലാതെ ഒറ്റയ്ക്കു താമസിക്കുന്ന വാക്സിനെടുക്കാത്ത ആളുകള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റും കഴിയാത്ത സാഹചര്യം വരും. വാക്സിനെടുക്കാത്ത ആളുകള്‍ പുറത്തിറങ്ങാനാവാതെ വീട്ടുതടങ്കലില്‍ കഴിയേണ്ട സാഹചര്യം ഭരണഘടനാ വിരുദ്ധമാണെന്നു ഹർജിയില്‍ പറയുന്നു.
വാക്സിനെടുത്തവരും വാക്സിനെടുക്കാത്തവരുമെന്ന രീതിയില്‍ ജനങ്ങളെ രണ്ടായി കാണുന്നത് ഭരണ ഘടന നല്കുന്ന ജീവിക്കാനുള്ള അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും ഹരജിയില്‍ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റ് നാലിനു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പോകുന്നതിനു പോലും വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റ് കരുതണമെന്നു നിര്‍ദ്ദേശിച്ചത്.