ന്യൂഡെല്‍ഹി: ഇന്ത്യയില്‍ താമസിക്കുന്ന വിദേശ പൗരന്മാര്‍ക്ക് കൊറോണ വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പാസ്‌പോര്‍ട്ട് തിരിച്ചറിയല്‍ രേഖയായി കാണിക്കാം. ഇതനുസരിച്ച് വാക്‌സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാന്‍ സാധിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് നിരവധി വിദേശ പൗരന്മാര്‍ താമസിക്കുന്നുണ്ട്. പ്രധാനമായി നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ താമസിക്കുന്നത്. നഗരങ്ങളില്‍ ജനസാന്ദ്രത കൂടുതലായതിനാല്‍ കൊറോണ വ്യാപനത്തിനുള്ള സാധ്യത കൂടുതലാണ്.ഇത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അര്‍ഹതപ്പെട്ട വിദേശ പൗരന്മാര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
വിദേശ പൗരന്മാരുടെ സുരക്ഷയ്ക്ക് പുറമേ വാക്‌സിന്‍ സ്വീകരിക്കാത്തവരില്‍ നിന്ന് തുടര്‍ന്നും വ്യാപനം ഉണ്ടാവാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും സര്‍ക്കാര്‍ അറിയിച്ചു.