എമിറേറ്റ്സ് യൂണിഫോം ധരിച്ച എയര്‍ഹോസ്റ്റസ് ബുര്‍ജ് ഖലീഫയുടെ നെറുകയില്‍; 828 മീറ്റര്‍ ഉയരത്തില്‍ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ വൈറൽ

ദുബായ്: എമിറേറ്റ്സിന്റെ യൂണിഫോം ധരിച്ച എയര്‍ഹോസ്റ്റസ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ നെറുകയില്‍. ലോകത്തിന്റെ നെറുകൈയില്‍ നില്‍ക്കുന്നത് പോലെയാണെന്ന സന്ദേശവുമായാണ് എമിറേറ്റ്സിന്റെ ഈ പരസ്യം കഴിഞ്ഞ ദിവസം പുറത്തുവന്നത്.

എയര്‍ഹോസ്റ്റസ് ബുര്‍ജ് ഖലീഫയുടെ നെറുകൈയില്‍ നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. യുകെയിലെ യാത്രാ നിയന്ത്രണങ്ങളില്‍ നിന്ന് യുഎഇയെ ഒഴിവാക്കിയ സാഹചര്യത്തില്‍ എമിറേറ്റ്സ് പുറത്തുവിട്ട പരസ്യത്തിലാണ് പ്രേക്ഷകരെ ഞെട്ടിച്ച ആ ദൃശ്യങ്ങളുണ്ടായിരുന്നത്. വീഡിയോ പുറത്തുവന്നപ്പോള്‍ മുതല്‍ അത് യഥാര്‍ത്ഥത്തില്‍ ചിത്രീകരിച്ചതാണോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയയില്‍ പലരും പങ്കുവെച്ചത്.

എന്നാല്‍ ഇത് ഗ്രീന്‍ സ്‍ക്രീന്‍ പോലുള്ള സാങ്കേതിക വിദ്യകളൊന്നും ഉപയോഗിക്കാതെ യഥാര്‍ത്ഥത്തില്‍ തന്നെ ചിത്രീകരിച്ചതാണെന്ന് എമിറേറ്റ്സ് വ്യക്തമാക്കുന്നു. നിക്കോള്‍ സ്‍മിത്ത് ലുഡ്‍വിക് എന്ന പ്രൊഫഷണല്‍ സ്‍കൈ ഡൈവിങ് ഇന്‍സ്‍ട്രക്ടറാണ് എമിറേറ്റ്സ് ക്യാബിന്‍ ക്രൂ അംഗത്തിന്റെ വേഷത്തില്‍ വീഡിയോയിലുള്ളത്. ഒപ്പം ഏതാനും പേരുടെ സഹായവും പരിശ്രമവുമാണ് 828 മീറ്റര്‍ ഉയരത്തില്‍ ചിത്രീകരിച്ച ആ വീഡിയോക്ക് പിന്നിലുള്ളത്.

കര്‍ശന സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള പരിശീലനവും പ്ലാനിങും പരീക്ഷണവും പൂര്‍ത്തിയാക്കിയാണ് വീഡിയോ ചിത്രീകരിച്ചത്. ഇത്തരമൊരു വീഡിയോ ചിത്രീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം എമിറേറ്റ്സിന്റെ എയര്‍ഹോസ്റ്റസുമാരെത്തന്നെയാണ് സമീപിച്ചത്. തിവര്‍ തയ്യാറാവുകയും ചെയ്‍തു. എന്നാല്‍ സുരക്ഷ ഉറപ്പാക്കാന്‍ പരിചയ സമ്പന്നയായ സ്‍കൈ ഡൈവറെ തന്നെ ഇതിനായി തെരഞ്ഞെടുക്കുകയായിരുന്നു.

സുരക്ഷ ഉറപ്പാക്കിയായിരുന്നു ഓരോ പ്രവര്‍ത്തനങ്ങളും. സുരക്ഷിതമായി നില്‍ക്കാന്‍ ഒരു പ്ലാറ്റ്ഫോമും ചെറിയൊരു തൂണും ഉറപ്പിച്ചു. ഈ തൂണൂമായും ഇതിന് പുറമെ മറ്റ് പോയിന്റുകളുമായും നിക്കോള്‍ സ്‍മിത്ത് ലുഡ്‍വികിനെ ബന്ധിച്ചു. പുറമേ ക്യാമറയില്‍ പതിയാത്ത വിധത്തില്‍ എമിറേറ്റ്സിന്റെ യൂണിഫോമിനടിയിലൂടെയാണ് ഇത് സജ്ജമാക്കിയത്.

രാവിലെയുള്ള സൂര്യപ്രകാശം ലഭിക്കുന്നതിനായി സൂര്യോദയത്തില്‍ തന്നെ ചിത്രീകരണം ആരംഭിച്ചു. ബുര്‍ജ് ഖലീഫയുടെ 160-ാം നിലയില്‍ നിന്ന് ഒരു മണിക്കൂറും 15 മിനിറ്റുമെടുത്താണ് സംഘം മുകളിലെത്തിയത്. നിരവധി ഗോവണികളിലൂടെയും മറ്റും കടന്നുവേണം ഏറ്റവും മുകളിലെത്താന്‍.

വീഡിയോ ചിത്രീകരിക്കാന്‍ സംഘം അഞ്ച് മണിക്കൂറോളം ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളില്‍ ചെലവഴിച്ചു. ഒരൊറ്റ ഡ്രോണ്‍ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ പൂര്‍ണമായും ചിത്രീകരിച്ചത്. ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളില്‍ കയറാന്‍ അനുമതി ലഭിച്ച ചുരുക്കം ആളുകളില്‍ എമിറേറ്റ്സും ഉള്‍പ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് എമിറേറ്റ്സ് പ്രസിഡന്റ് റ്റിം ക്ലാര്‍ക്ക് പ്രതികരിച്ചു.