കേരളത്തിൽ നിന്നു തമിഴ്നാട്ടിൽ എത്തുന്നവരെ പരിശോധിക്കാൻ മന്ത്രിമാരുടെ സംഘം റെയിൽവേ സ്റ്റേഷനിൽ

ചെന്നൈ: കൊറോണ വ്യാപനം നിലനിൽക്കുന്നതിനാൽ കേരളത്തിൽ നിന്നു തമിഴ്നാട്ടിലേക്കു വരുന്നവരെ പരിശോധിക്കാൻ മന്ത്രിമാരടങ്ങിയ സംഘം. ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യം, ദേവസ്വം മന്ത്രി പി.കെ.ശേഖര്‍ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ചെന്നൈ സെൻട്രൽ സ്‌റ്റേഷനിൽ പരിശോധന. ആലപ്പി എക്സ്പ്രസിൽ എത്തുന്ന കേരളത്തിൽ നിന്നുള്ള യാത്രക്കാരെയാണ് പരിശോധിക്കുന്നത്.

ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിനെടുത്ത സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ തമിഴ്നാട്ടിലേക്ക് പ്രവേശിപ്പിക്കൂ. കേരളത്തില്‍നിന്ന് വരുന്നവര്‍ക്ക് പരിശോധന തുടരുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. രേഖകളില്ലാത്തവര്‍ക്ക് പരിശോധനാ സൗകര്യം ഒരുക്കും. ആരെയും ബുദ്ധിമുട്ടിക്കില്ല. മുന്‍കരുതല്‍ നടപടി മാത്രമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിൽ നിന്നുള്ളവർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ കുറവ് വരാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തു നിന്നുള്ള യാത്രക്കാർക്ക് കർണാടകയും തമിഴ്നാടും നിയന്ത്രണം ഏർപ്പെടുത്തിയത്.