മാനസയുടെ കൊലപാതകം; പ്രതികളെ കൊച്ചിയിലെത്തിച്ചു; രഖിലിന് തോക്ക് ഉപയോഗിക്കാൻ ബിഹാറിൽ പരിശീലനം; മൊബൈലിൽ നിര്‍ണായക തെളിവുകള്‍

കൊച്ചി: കോതമംഗലം നെല്ലിക്കുഴിയില്‍ ​ഡെന്‍റല്‍ വിദ്യാര്‍ഥിനി മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ പുറത്ത്. അതേസമയം പ്രതികളെ കൊച്ചിയിലെത്തിച്ചു. മാനസയെ വെടിവെക്കുകയും തുടര്‍ന്ന് സ്വയം വെടിവെച്ച്‌ മരിക്കുകയും ചെയ്ത രഖില്‍ ബിഹാറില്‍ തോക്ക്​ വാങ്ങാന്‍ ഇടനിലക്കാരനായ മനേഷ് കുമാറിൻ്റെ കാറില്‍ യാത്ര ചെയ്യുന്നതും തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കുന്നതുമാണ് പുറത്തുവന്നത്.

മനേഷ് കുമാറിൻ്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചതെന്ന് പൊലിസ് പറഞ്ഞു. തോക്ക് ഉപയോഗിക്കാന്‍ രഖിലിന് ബിഹാറില്‍ നിന്ന് തന്നെ പരിശീലനം ലഭിച്ചതായി പൊലീസിന് മു​​​മ്പ് തന്നെ സംശയമുണ്ടായിരുന്നു. രഖില്‍ ബിഹാറിലെത്തിയാണ് തോക്ക് വാങ്ങിയതെന്നതും പ്രതികളുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നതും ഇതോടെ സ്ഥിരീകരിച്ചിരിക്കുകയാണ് പൊലീസ്.

രഖിലിന് തോക്ക് നല്‍കിയ ബിഹാര്‍ സ്വദേശികളായ സോനു കുമാര്‍ മോദി, മനേഷ്കുമാര്‍ എന്നിവരെ വെള്ളിയാഴ്ച പൊലീസ് പിടികൂടിയിരുന്നു. ബിഹാറിൽ നിന്ന് അറസ്റ്റിലായ പ്രതികളെ കേരളത്തിൽ എത്തിച്ചു. ഇവരെ ആലുവ റൂറൽ എസ് പി ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്തു.

പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. സോനു കുമാറിനെ പരിചയപ്പെടുത്തിയത് ടാക്സി ഡ്രൈവറായ മനേഷ് കുമാര്‍ വര്‍മയാണ്. ഇയാളെ പട്​നയില്‍ നിന്നാണ്​ അറസ്റ്റ് ചെയ്തത്. അവിടെ തന്നെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറൻ്റ് വാങ്ങിയാണ് പ്രതികളെ കേരളത്തിൽ എത്തിച്ചത്.

ബിഹാര്‍ പൊലീസിന്‍റെ സഹായത്തോടെ രണ്ടു ദിവസം നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതികള്‍ കുടുങ്ങിയത്. രഖില്‍ 35,000 രൂപയാണ് തോക്കിന് നല്‍കിയതെന്നും തുക പണമായി നേരിട്ടു കൈമാറുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ബിഹാര്‍ പൊലീസുമായി എറണാകുളം റൂറല്‍ എസ്.പി ചര്‍ച്ച നടത്തി തയാറാക്കിയ പദ്ധതിയിലൂടെയാണ് പ്രതികളെ പിടികൂടിയത്.

സംഭവത്തോടെ ബിഹാറിലെ അനധികൃത തോക്ക് വില്‍പനയെക്കുറിച്ച്‌ വിശദമായ അന്വേഷണത്തിനാണ് തുടക്കമായിരിക്കുന്നത്. ഇന്ത്യന്‍ നിര്‍മിത തോക്കുകള്‍ക്ക് പുറമെ വിദേശ നിര്‍മിത തോക്കുകളും ഇവിടെ സംഘങ്ങള്‍ വില്‍ക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.