ന്യൂഡെൽഹി: ഒടുവില്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ചരിത്രം മാറ്റിയെഴുതി നീരജ് ചോപ്ര എന്ന ഹരിയാനയിലെ പാനിപത് സ്വദേശി. ലോകം മുഴുവൻ ഇന്ത്യയിലേക്ക് തിരിഞ്ഞ അസുലഭ മുഹൂർത്തത്തിനാണ് ഇന്ന് ഒളിമ്പിക്സിലെ ജാവലിൻ ത്രോ വേദി സാക്ഷിയായത്. ഒളിമ്പിക്സിലെ അത്ലറ്റിക്സിൽ മെഡൽ നേടുക എന്ന ഇന്ത്യയുടെ എക്കാലത്തെയും വലിയ ആഗ്രഹം സാധിച്ചിരിക്കുകയാണ് നീരജ് ചോപ്ര എന്ന യുവതാരം.
ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടിക്കൊണ്ടാണ് താരം 130 കോടി ജനങ്ങളുടെ ആരാധ്യപുരുഷനായി മാറിയത്. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഇന്ത്യയ്ക്കായി സ്വർണമെഡൽ നേടുന്ന ആദ്യ താരം എന്ന റെക്കോഡും താരം സ്വന്തമാക്കി. നീരജ് ചോപ്രയുടെ ഈ നേട്ടത്തിന് പിറകിൽ ഊവെ ഹോൺ എന്ന വലിയ മനുഷ്യന്റെ കഠിനാധ്വാനവും പ്രയത്നവുമുണ്ട്.
നീരജ് ചോപ്രയുടെ പരിശീലകനാണ് ജർമൻ താരമായ ഊവെ ഹോൺ. ചോപ്രയുടെ ഈ നേട്ടത്തിൽ ഹോൺ നിർണായകമായ പങ്കാണ് വഹിച്ചിരിക്കുന്നത്. ലോകത്ത് 100 മീറ്റർ ദൂരം കണ്ടെത്തിയ ഏക ജാവലിൻ ത്രോ താരം എന്ന അപൂർവ റെക്കോഡിനുടമയാണ് ഹോൺ. 1984 ജൂലായ് 20 നാണ് ഹോൺ ഈ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്.
ബെർലിനിൽ വെച്ചാണ് ഈ റെക്കോഡ് പിറന്നത്. താരം അന്ന് 104.80 മീറ്റർ ദൂരം കണ്ടെത്തിക്കൊണ്ട് ലോകറെക്കോഡ് സ്വന്തമാക്കി. എന്നാൽ ഭാഗ്യം അദ്ദേഹത്തിനൊപ്പം രണ്ട് വർഷം മാത്രമേ നിന്നുള്ളൂ. 1986-ൽ ജാവലിന്റെ രൂപഘടനയിലും ഭാരത്തിലുമെല്ലാം മാറ്റങ്ങൾ വരുത്തി. ഇതോടെ ജാവലിൻ ത്രോയിലെ അതുവരെയുള്ള റെക്കോഡുകളെല്ലാം തിരുത്തി മത്സരം പുതുതായി തന്നെ ആരംഭിച്ചു.
1986 ന് ശേഷമുള്ള റെക്കോഡുകൾ മാത്രമാണ് നിലവിൽ ഔദ്യോഗികമായി പരിഗണിക്കുന്നത്. അതുവരെയുള്ള റെക്കോഡുകളെല്ലാം പഴങ്കഥയായി. ഇതോടെ റെക്കോഡ് പുസ്തകത്തിലില്ലാത്ത റെക്കോഡുകളുടെ കൂട്ടത്തിൽ ഹോണും വന്നുവീണു. അതിനുശേഷം നടന്ന ഐഎഎഫ് ലോകകപ്പിലും യൂറോപ്യൻ കപ്പിലും സ്വർണം നേടിക്കൊണ്ട് കായികതാരമെന്ന കരിയർ ഹോൺ അവസാനിപ്പിച്ചു.
1999-ലാണ് ഹോൺ പരിശീലകന്റെ കുപ്പായമെടുത്തണിയുന്നത്. ചൈനീസ് ദേശീയ ചാമ്പ്യൻ ഷാവോ ക്വിൻഗാങ്ങിനെ പരിശീലിപ്പിച്ച ശേഷമാണ് ഹോൺ നീരജ് ചോപ്രയെ കണ്ടെത്തുന്നത്. ചോപ്രയെ ടോക്യോ ഒളിമ്പിക്സിലേക്ക് ഒരുക്കിയെടുക്കുക എന്നതായിരുന്നു ഇന്ത്യ ഹോണിലെ ഏൽപ്പിച്ച ദൗത്യം. ഇടയ്ക്ക് പരിശീലത്തിനായി ഒരുക്കിയ സൗകര്യങ്ങളിലെ പിഴവുകൾ മുൻനിർത്തി അധികൃതർക്കെതിരേ ഹോൺ ശക്തമായി പ്രതിഷേധിച്ചെങ്കിലും താരം കൃത്യമായി ചോപ്രയെ പരിശീലിപ്പിച്ചു.
പാട്യാലയിലെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയെ അതിജീവിച്ച ചോപ്രയുടെ ജാവലിൻ ത്രോകൾ തീയമ്പുപോലെ പറന്നകന്നു. പിന്നാലെ യൂറോപ്പിലേക്ക് താരത്തെയും കൊണ്ട് ഹോൺ പറന്നു. ഏത് കാലാവസ്ഥയിലും ചാമ്പ്യനായി മാറാനുള്ള കരുത്ത് ചോപ്രയ്ക്ക് ഹോൺ പകർന്നു നൽകി. അതുതന്നെയാണ് ടോക്യോയിലും കണ്ടത്.
ആദ്യ ശ്രമത്തിൽ തന്നെ 87.03 മീറ്റർ ദൂരം നീരജ് ചോപ്ര കണ്ടെത്തിയതോടെ എതിരാളികൾ വിറച്ചു. ലോകചാമ്പ്യനും ഒളിമ്പിക് ചാമ്പ്യനുമെല്ലാം ഇന്ത്യൻ താരത്തിന് മുന്നിൽ മുട്ടുവിറച്ചുനിന്നു. രണ്ടാം ശ്രമത്തിൽ 87.58 മീറ്റർ കൂടി കണ്ടതോടെ ചോപ്ര വിജയമുറപ്പിച്ചു. ഒളിമ്പിക് പോഡിയത്തിൽ നിന്നും ഇന്ത്യൻ ദേശീയഗാനത്തിന്റെ അകമ്പടിയോടെ നീരജ് ചോപ്ര സ്വർണമെഡലിൽ മുത്തമിടുമ്പോൾ ഹോൺ എന്ന പരിശീലകന്റെ കണ്ണുകൾ അഭിമാനം കൊണ്ട് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ഒളിംപിക്‌സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ്, അതും സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന അനുപമവും മായ്ക്കപ്പെടാത്തതുമായ നേട്ടം. നീരജ് ടോക്യോയില്‍ എറിഞ്ഞു സ്വന്തമാക്കിയത് സുവര്‍ണ നേട്ടം മാത്രമല്ല. എക്കാലവും സ്മരണയില്‍ നില്‍ക്കുന്ന അപൂര്‍വ നിമിഷങ്ങള്‍ കൂടിയാണ്.
ഹരിയാനയിലെ പാനിപതില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള കാന്ദ്രയിലെ ഒരു കൂട്ടു കുടുംബത്തിലാണ് നീരജിന്റെ ജനനം. 11ാം വയസില്‍ 80 കിലോ ഭാരമുണ്ടായിരുന്ന, പൊണ്ണത്തടിയുടെ പേരില്‍ കൂട്ടുകാരുടെ കളിയാക്കലുകള്‍ ഏറെ കേള്‍ക്കേണ്ടി നീരജ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇതാ ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ഗതി മാറ്റിയ ചരിത്ര പുരുഷനായി തലയുയര്‍ത്തി സുവര്‍ണ ശോഭയില്‍ നില്‍ക്കുന്നു.
തടി കുറയ്ക്കാനായി ജിമ്മിലേക്ക് ബസില്‍ പോകുമ്പോള്‍ കണ്ട കാഴ്ചയാണ് നീരജിന്റെ ചിന്തകളില്‍ മാറ്റം വരുത്തിയത്. ശിവാജി സ്‌റ്റേഡിയത്തില്‍ ജാവലിന്‍ ത്രോ പരിശീലനം നടത്തുന്ന അത്‌ലറ്റുകളെ നീരജ് ബസിലിരുന്ന് കണ്ടു. ജിമ്മിലേക്കുള്ള യാത്ര ശിവാജി സ്‌റ്റേഡിയത്തിലേക്ക് മാറ്റി നീരജ് തന്റെ വഴി ഇതാണെന്ന് ഉറപ്പിച്ചു. സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്ന ഒരു അത്‌ലറ്റില്‍ നിന്ന് ജാവലിന്‍ വാങ്ങി അവനും അതുപോലെ എറിയാന്‍ ശ്രമിച്ചു. പക്ഷേ പൊണ്ണത്തടിയുടെ എറിഞ്ഞിടത്ത് തന്നെ വീണു. എന്നാല്‍ ആ വീഴ്ചയില്‍ അവന്‍ നിരാശനായില്ല. ആ യാത്രയാണ് ഇന്ന് സുവര്‍ണ നേട്ടമായി ടോക്യോയില്‍ എത്തി നില്‍ക്കുന്നത്.
ഏറെ ത്യാഗങ്ങള്‍ സഹിച്ചാണ് നീരജ് ഈ നിലവാരത്തിലേക്ക് തന്റെ മികവിനെ പരിവര്‍ത്തിപ്പിച്ചത്. 14ാം വയസില്‍ ബിഞ്ചോളിലെ ജാവലിന്‍ ത്രോ താരം ജയ്‌വീറിനെ കണ്ടുമുട്ടിയതില്‍ നിന്ന് തുടങ്ങുന്ന താരത്തിന്റെ മികവിലേക്കുള്ള യാത്ര. ഹരിയാനയുടെ താരമായ ജയ്‌വീര്‍ നീരജിന്റെ കഴിവ് തിരിച്ചറിഞ്ഞു അവന് പരിശീലനം നല്‍കി. പിന്നീട് 2012ല്‍ ലഖ്‌നൗവില്‍ ആദ്യ ദേശീയ ജൂനിയര്‍ സ്വര്‍ണം. 68.46 മീറ്റര്‍ എറിഞ്ഞ് ദേശീയ റെക്കോര്‍ഡും തിരുത്തി.
അന്താരാഷ്ട്ര തലത്തില്‍ പക്ഷേ തുടക്കം നിരാശയിലായിരുന്നു. 2013ല്‍ ഉക്രൈനില്‍ നടന്ന ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ലഭിച്ചത് 19ാം സ്ഥാനം മാത്രം. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ചൈനയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്‍പതാം സ്ഥാനവുമായി മടങ്ങി.
ഈ വീഴ്ചകളില്‍ നിന്നു പാഠം പഠിച്ച നീരജ് വിദേശത്ത് പോയി പരിശീലനം നേടി തന്റെ മികവ് രാകി മിനുക്കു. ജാവലിനില്‍ 100 മീറ്റര്‍ പായിച്ച് ലോക റെക്കോര്‍ഡ് സ്ഥാപിച്ച ജര്‍മന്‍ താരം ഉവെ ഹോഹ്നയുടേയും വെര്‍ണര്‍ ഡാനിയല്‍സിന്റേയും ഗാരി കാല്‍വേര്‍ട്ടിന്റേയും ക്ലൗസ് ബര്‍ട്ടോനിയെറ്റ്‌സിന്റേയും ശിഷ്യനായി. വിദേശ കോച്ചുമാരുടെ കീഴിലെ പരിശീലനം നീരജിന്റെ പ്രകടന നിലവാരം തന്നെ മാറ്റി.
2016ന് ശേഷം നീരജ് അക്ഷരാര്‍ത്ഥത്തില്‍ ജൈത്രയാത്രയ്ക്ക് തുടക്കമിടുകയായിരുന്നു. ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി. 86.48 മീറ്റര്‍ എറിഞ്ഞ് ലോക ജൂനിയര്‍ റെക്കോര്‍ഡും സ്വന്തം പേരിലാക്കി. 2018ല്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം എറിഞ്ഞ് വീഴ്ത്തി നീരജ് അത്‌ലറ്റിക്‌സിലെ ഒളിംപിക്‌സ് സ്വര്‍ണമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വെള്ളവും വളവും പകരുകയായിരുന്നു.
കൈമുട്ടിന് പരിക്കേറ്റത് നീരജിന് തിരിച്ചടിയായി. ശസ്ത്രക്രിയയ്ക്കും താരം അതിനിടെ വിധേയനായി. 2019ലെ ലോക അത്‌ലറ്റിക്‌സ്് ചാമ്പ്യന്‍ഷിപ്പിലും ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും നീരജിന് പങ്കെടുക്കാനായില്ല. 2020ല്‍ കോവിഡിനെ തുടര്‍ന്ന പരിശീലനവും മുടങ്ങി.
എന്നാല്‍ ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ നീരജ് പതുക്കെ മികവിലേക്ക് ഉയരുന്ന കാഴ്ചയാണ് കണ്ടത്. ഈ വര്‍ഷം നടന്ന അഞ്ച് മത്സരങ്ങളില്‍ നാലെണ്ണത്തിലും 83 മീറ്ററിന് മുകളില്‍ ജാവലിന്‍ പായിച്ചാണ് നീരജ് ആത്മവിശ്വാസം തിരികെ പിടിച്ചത്. പാട്യാലയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്റ് പ്രീയില്‍ 88.07 മീറ്റര്‍ പിന്നിട്ട് പുതിയ ദേശിയ റെക്കോര്‍ഡും സ്ഥാപിച്ചാണ് നീരജ് ടോക്യോയിലേക്ക് പറന്നത്.
ആദ്യ രണ്ട് ശ്രമങ്ങളില്‍ തന്നെ 87 മീറ്ററിന് മുകളിലേക്ക് ജാവലിന്‍ പറത്തി നീരജ് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തുടക്കത്തില്‍ തന്നെ ഇന്ധനം നിറച്ചു. ആറ് ശ്രമങ്ങളില്‍ എതിരാളികളില്‍ ഒരാള്‍ പോലും നീരജിന്റെ ഏറിനെ മറികടക്കാന്‍ പോന്ന പ്രകടനം പുറത്തെടുത്തില്ല. ഒടുവില്‍ ഇന്ത്യ കാത്തിരുന്ന ആ സ്വര്‍ണവും എത്തി. നീരജ്, നിലവാരമുള്ള പ്രകടനത്തിലൂടെ ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ഭാവി തന്നെ മാറ്റിയെഴുതാന്‍ പോന്ന സുവര്‍ണ നേട്ടത്തിന് ബിഗ് സല്യൂട്ട്!