ഇന്ത്യയിൽ ജോൺസൺ ആൻഡ് ജോൺസൺ ഒറ്റ ഡോസ് കൊറോണ വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി

ന്യൂഡെൽഹി: ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ഒറ്റ ഡോസ് കൊറോണ വാക്സിന് രാജ്യത്ത് അടിയന്തര ഉപയോഗാനുമതി. ഓഗസ്റ്റ് അഞ്ചിനാണ് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ഇതിനായി അപേക്ഷ സമർപ്പിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഇന്ത്യൻ കമ്പനിയായ ബയോളജിക്കൽ ഇയുമായി സഹകരിച്ചാണ് ഇന്ത്യയിൽ വാക്സിൻ വിതരണത്തിനെത്തിക്കുക.അപേക്ഷയുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാണ് നടപടി. ഒരു ദിവസം ഒരു കോടി ഡോസ് വാക്സിനേഷൻ എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് കൂടൂതൽ വേഗം പകരുന്നതായിരിക്കും തീരുമാനം എന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.

രാജ്യത്തിന്റെ വാക്സിൻ ശേഖരണം വർധിച്ചിരിക്കുന്നു. ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ഒറ്റ ഡോസ് വാക്സിന് അനുമതി നൽകി. ഇന്ത്യക്ക് ഇപ്പോൾ അടിയന്തര ഉപയോഗത്തിന് അനുമതിയുള്ള വാക്സിനുകളുടെ എണ്ണം അഞ്ച് ആയി. രാജ്യത്തിന്റെ കൊറോണ പ്രതിരോധത്തിന് ഇത് വലിയ മുന്നേറ്റം സമ്മാനിക്കും- മന്ത്രി ട്വീറ്റ് ചെയ്തു