ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തിന് താല്‍ക്കാലിക വിരാമം; ഗോഗ്ര പ്രവശ്യയില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ച് ഇരുരാജ്യങ്ങളും

ന്യൂഡെല്‍ഹി: കിഴക്കന്‍ ലഡാഖിൽ 15 മാസങ്ങള്‍ക്ക് ശേഷം ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കത്തിന് അയവ്. ഇതിന്റെ ഭാഗമായി ഇന്ത്യയും ചൈനയും ഗോഗ്ര പ്രവശ്യയില്‍ നിന്നും തങ്ങളുടെ സൈന്യത്തെ പൂര്‍ണമായും പിന്‍വലിച്ചു. കഴിഞ്ഞ ദിവസങ്ങളിലാണ് ഇരുരാജ്യങ്ങളും സൈനികരെ പൂര്‍ണമായും മുന്‍ സ്ഥിരതാവളങ്ങളിലേക്ക് പിന്‍വലിച്ചത്.

മേഖലയില്‍ ഏകപക്ഷീയമായ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും സംഘര്‍ഷത്തിന് മുന്‍പുള്ള നിലയിലേക്ക് ഗോഗ്രയെത്തിയതായും സൈന്യം അറിയിക്കുകയായിരുന്നു. പോയിന്റ് 17എയിലെ താത്കാലിക സംവിധാനങ്ങളും നിര്‍മാണങ്ങളും ഇരുവിഭാഗങ്ങളും പൊളിച്ചുമാറ്റി. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തു. 500 മീറ്റര്‍ വിത്യാസത്തിലാണ് ഇവിടെ ഇരു സൈന്യങ്ങളും നിലയുറപ്പിച്ചിരുന്നത്.

അതേസമയം, പിന്‍വാങ്ങല്‍ കരാര്‍ പ്രകാരം ഗോഗ്രയിലെ യഥാര്‍ഥ നിയന്ത്രണ രേഖ ഇരുവിഭാഗങ്ങളും കര്‍ശനമായി നിരീക്ഷിക്കും. കരാര്‍ അനുസരിച്ച് ഈ മേഖല കര്‍ശന നിരീക്ഷണത്തില്‍ തുടരും. ഇരുവശവും ബഹുമാനിക്കുകയും ചെയ്യും. പ്രശ്‌നത്തിന് അന്തിമ പരിഹാരമാകും വരെ ഇരു രാജ്യങ്ങള്‍ക്കും പെട്രോളിങ് നടത്താന്‍ അധികാരമില്ലാത്തവിധം ഈ മേഖല ബഫര്‍ സോണായി തുടരും.

ഗോഗ്ര പ്രവശ്യയില്‍ സൈന്യത്തെ പിന്‍വലിക്കുന്നതിലൂടെ സംഘര്‍ഷം നിലനിന്നിരുന്ന ആറില്‍ നാലിടങ്ങളിലും ഇതോടെ സേനാപിന്മാറ്റമായി. അവശേഷിക്കുന്ന ഡെസ്പാങ്ങിലും ഹോട് സ്പ്രിങ്ങ്‌സിലുമാണ് സൈന്യമുള്ളത്. ഗാല്‍വന്‍ താഴ്വര, പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരം, തെക്കന്‍ തീരം എന്നിങ്ങനെയാണ് സൈനിക പിന്മാറ്റമുണ്ടായത്.