കൊച്ചി: അപ്രായോഗികവും അധാർമ്മികവും നിയമവിരുദ്ധവുമായ സർക്കാരിൻ്റെ പുതിയ കൊറോണ നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കണമെന്ന് ഫോറം ഫോർ ഹെൽത്ത് ജസ്റ്റിസ് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കൊറോണയെ നിയന്ത്രിക്കാനെന്ന പേരിൽ ജനജീവിതം കൂടുതൽ ദുഷ്കരമാക്കുകയും വാക്‌സിൻ എടുത്തവരും എടുക്കാത്തവരും എന്ന രീതിയിൽ ജനങ്ങളെ വിഭജിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാർ ഉത്തരവിനോട് ഫോറം കടുത്ത വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തി.
ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ഏറ്റവും രോഗ വ്യാപനം ഉള്ള സംസ്ഥാനം ആയി കേരളം തുടരുന്നു. ഇത് ഇവിടത്തെ നിയന്ത്രണങ്ങൾ പരാജയമാണ് എന്നാണ് തെളിയിക്കുന്നത്. അതിലുപരി, കടുത്ത നിയന്ത്രണങ്ങൾ മാസ ശമ്പള സുരക്ഷ ഇല്ലാത്ത മുഴുവൻ പേരെയും രോഗം വരുന്നതിനേക്കാൾ വലിയ ദുരന്തത്തിലേക്ക് തള്ളി വിടുകയാണ്.
സാമ്പത്തിക ബാധ്യത താങ്ങാൻ കഴിയാതെ ചിലർ ആത്മഹത്യയിൽ അഭയം തേടിയതും നിസ്സഹായതയോടെ കേരളം നോക്കി നിന്നു. ജീവിക്കാൻ നിവൃത്തിയില്ലാതെ വിവിധ ജന വിഭാഗങ്ങൾ അശാസ്ത്രീയവും അധാർമ്മികവുമായ നിയന്ത്രണങ്ങൾക്കെതിരെ സമര രംഗത്തിറങ്ങുകയും വ്യാപാരികൾ ഓഗസ്റ്റ് ഒമ്പതു മുതൽ മുഴുവൻ കടകൾ തുറക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ആണ് കൊറോണ നിയന്ത്രണങ്ങൾക്ക് പുതിയ നിബന്ധനകളുമായി ഉത്തരവ് ഇറങ്ങുന്നത്. ഇത് നിലവിൽ ഉണ്ടായിരുന്നതിനേക്കാൾ അപ്രായോഗികമാണ്.
സമൂഹത്തിൽ പകുതി ജനങ്ങൾക്ക് തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പുറത്തിറങ്ങാൻ കഴിയാത്തതാണ് പുതിയ ഉത്തരവ്. ഉപ്പും മുളകും തേയിലയും വാങ്ങാൻ വാക്‌സിൻ സർട്ടിഫിക്കറ്റോ 500 രൂപയുടെ കൊറോണ പരിശോധനാ സിർട്ടിഫിക്കറ്റോ വേണം എന്ന് നിബന്ധന വയ്ക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.
കൊറോണ വാക്‌സിൻ സ്വീകരിച്ചാലും വൈറസ് ബാധ ഏൽക്കാമെന്ന് ഇതിനകം തെളിയിക്കപ്പെട്ടതാണ്. ഏറെ ഫലപ്രദം എന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുള്ള, മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുള്ള ആയുഷ് ചികിത്സ വിഭാഗങ്ങളുടെ പ്രതിരോധ മരുന്നുകൾ ഉപയോഗിക്കുന്നവർ ഏത് രീതിയിലാണ് സമൂഹത്തിന് ഭീഷണിയാകുന്നതെന്ന് സർക്കാർ വ്യക്തമാക്കണം.
ഇക്കാരണങ്ങളാൽ സർക്കാർ ഏർപ്പെടുത്തിയ അശാസ്ത്രീയ നിയന്ത്രണങ്ങൾ പിൻവലിക്കണം. എല്ലാ ചികിത്സാ പദ്ധതികളിലെയും വിദഗ്ധരെയും വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളെയും വിളിച്ചു ചേർത്ത് കൊറോണ പ്രതിരോധത്തിന് പുതിയ മാർഗ്ഗങ്ങൾ തേടണം. പുതിയ രീതികൾ നിലവിൽ വരുന്നത് വരെ രോഗ ലക്ഷണം ഉള്ളവരെ മാത്രം നിയന്ത്രിക്കുന്ന രീതി തുടരണമെന്നും ഫോറം ആവശ്യപ്പെട്ടു.
ഡോ. വി എസ് വിജയൻ, കൽപ്പറ്റ നാരായണൻ, വൈദ്യ എം പ്രസാദ്, സി എസ് വെങ്കിടേശ്വരൻ, സി ആർ നീലകണ്ഠൻ, ഡോ. വടക്കേടത്ത് പദ്മനാഭൻ, കുസുമം ജോസഫ്, കെ സഹദേവൻ, കെ സി സന്തോഷ്‌കുമാർ, അഡ്വ. വിനോദ് പയ്യട, അഡ്വ പി എ പൗരൻ, വൈദ്യ ഓം പ്രകാശ് നാരായണൻ, ഡോ. സ്കന്ദേഷ് എൽ സിദ്ധാർത്ഥൻ പട്ടേപ്പാടം, കെ രാജഗോപാൽ, എസ് പി രവി, ശരത് ചേലൂർ, സണ്ണി പൈകട, അനിൽ ജോസ്, ഷെബിൻ വാഴപ്പിള്ളി, ഡോ. സുനിൽ കുമാർ, കെ അരവിന്ദാക്ഷൻ, ഡോ. ജോർദ്ദി, എബി ഇമ്മാനുവേൽ, ഡോ. പ്രവീൺ ധർമ്മരത്നം, ശരത് കേരളീയം, അമ്പാടി ഉണ്ണി, ഗ്രാമിക കുഴിക്കാട്ടുശ്ശേരി. പ്രിജിത്ത് പി കെ, ഇ എ ജോസഫ് എന്നീ ഫോറം ഫോർ ഹെൽത്ത് ജസ്റ്റിസ് നേതാക്കളാണ് നിയന്ത്രങ്ങൾക്കെതിരേ രംഗത്തിറങ്ങിയത്.