തിരുവനന്തപുരം: സപ്ലൈകോ നൽകുന്ന സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നതിന് റേഷൻ കാർഡ് ഉടമ തന്നെ പോകേണ്ടതില്ലെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ. കുടുംബാംഗങ്ങളിലൊരാൾ കാർഡുമായി ചെന്നാൽ മതിയാകും. പ്രതിവാര ഫോൺ ഇൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വയനാട് സ്വദേശിയായ മൂന്ന് വയസുകാരിയുടെ ചികിത്സയ്ക്കായി റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നത് അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സാ ഇളവ് ലഭിക്കാൻ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്നതായിരുന്നു ആവശ്യം. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
മത്സ്യത്തൊഴിലാളികൾക്കുള്ള കഴിഞ്ഞ മാസത്തെ കിറ്റ് ലഭിച്ചില്ലെന്ന പരാതിയുമുണ്ടായി. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് ലഭ്യമാക്കിയ ലിസ്റ്റ് പ്രകാരം എല്ലാവർക്കും കിറ്റ് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്നതായിരുന്നു ഫോൺ ചെയ്ത കൂടുതൽ പേരുടെയും ആവശ്യം.