കരുവന്നൂർ വായ്പാ തട്ടിപ്പ് അറിഞ്ഞില്ലെന്ന സിപിഎം വാദം തെറ്റ്; തെളിവുകൾ പുറത്ത്

തൃശ്ശൂ‌‍ർ: കരുവന്നൂർ വായ്പാ തട്ടിപ്പ് സിപിഎം നേരത്തെ അറിഞ്ഞില്ലെന്ന വാദം തെറ്റെന്നതിൻ്റെ തെളിവുകൾ പുറത്ത്. 2018 ഡിസംബർ 8ന് മാടായിക്കോണം ബ്രാഞ്ച് വിഷയം ചർച്ച ചെയ്തു. ബാങ്ക് ഭരണസമിതി പ്രസിഡന്‍റ് കൂടി അംഗമായ ബ്രാഞ്ചിൽ ഇയാളുടെ സാന്നിദ്ധ്യത്തിലാണ് വിമർശനം ഉയർന്നത്. ബ്രാഞ്ച് കമ്മിറ്റി യോഗത്തിന്റെ ഓഡിയോ ക്ലിപ്പാണ് ഇപ്പോൾ പുറത്ത് വന്നത്.

പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജു മാസ്റ്ററാണ് വിമർശനം ഉന്നയിച്ചത്. തട്ടിപ്പ് നടക്കുന്നതിൽ തനിക്ക് പങ്കില്ലെന്ന് പ്രസിഡന്‍റ് യോഗത്തിൽ വിശദീകരിക്കുന്നതും ശബ്ദരേഖയിലുണ്ട്. ബിനാമി ലോണുകളും പരിധിക്ക് കൂടുതൽ ലോൺ കൊടുക്കുന്നതിനെതിരെയും രൂക്ഷ വിമർശനമാണ്

യോഗത്തിൽ ഉയർന്നത്. അ‍ഞ്ചു ആറും ലോണുകൾ നൽകുന്നുണ്ടെന്നും ഉടമസ്ഥർ അറിയാതെയാണ് ഇതൊക്കെ നടക്കുന്നതെന്നും യോഗത്തിൽ വിമർശിക്കുന്നുണ്ട്. ബിനാമി ലോണുകൾ പുതുക്കേണ്ടതില്ല എന്ന തീരുമാനവും ലംഘിച്ചതായി പറയുന്നത് കേൾക്കാം. ച‍‌‌ർച്ച നടന്നതായി രാജുമാസ്റ്റ‍ർ‌ സ്ഥിരീകരിച്ചു.

ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്ത് വായ്പകൾ നൽകരുതെന്നും നൽകിയ വായ്പകൾ തിരിച്ചു പിടിക്കണമെന്ന് പാർട്ടി ഭരണസമിതിയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് രാജുമാസ്റ്ററിന്റെ വിശദീകരണം. ഒരു വായ്പ തിരിച്ചു പിടിക്കാൻ ചെന്ന വനിതാ ഭരണസമിതി അംഗത്തെ വീട്ടുകാർ പൂട്ടിയിട്ട സാഹചര്യമുണ്ടായപ്പോഴാണ് വിഷയം ച‍‌‌‌‌‌‌‌ര്‍ച്ചയായത്.