തിരുവനന്തപുരം: പതിനേഴു വർഷത്തിലേറെയായി ബേക്കറിയിൽ ജോലിനോക്കിയ പരിചയം. അതാണ് ബാലരാമപുരം പുത്തൻതെരുവിൽ മുരുകന് സ്വന്തമായി ബേക്കറി തുടങ്ങാൻ പ്രേരണയായത്.
കരുതിക്കൂട്ടിയ സമ്പാദ്യവും ബാങ്ക് വായ്പയും ചേർത്ത് തൈക്കാവ് പള്ളിക്കു സമീപം കട തുടങ്ങുമ്പോൾ വളരെ പ്രതീക്ഷയായിരുന്നു മുരുകന്. എന്നാൽ, കൊറോണയെ തുടർന്നുള്ള നീണ്ടനാളത്തെ കടയടപ്പും വായ്പാബാധ്യതയുമേറിയപ്പോൾ പിടിച്ചുനിൽക്കാനാവാതെ ഒടുവിൽ ആ വ്യാപാരിയുടെ ജീവനൊടുക്കി.
ജനുവരി 17-നാണ് മുരുകൻ ഏക മകൾ നന്ദനയുടെ പേരിൽ ബേക്കറി തുടങ്ങിയത്. കട വാടകയ്ക്കെടുത്ത് വായ്പത്തുകകൊണ്ട് ഫ്രീസറുൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങി. തുടക്കത്തിൽ കച്ചവടം നല്ല രീതിയിൽ മുന്നോട്ടുപോയി. വായ്പാ തിരിച്ചടവും മുടക്കമില്ലാതെ പോയി. എന്നാൽ, വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ കട അടച്ചിടേണ്ടിവന്നു.
വായ്പ തിരിച്ചടവ് മുടങ്ങി. ബാധ്യതയുമേറെയായി. കട തുറന്നുപ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ വായ്പ തിരിച്ചടവെങ്കിലും നടക്കുമായിരുന്നെന്ന് മുരുകൻ വീട്ടിലും സുഹൃത്തുക്കളോടും പറയുമായിരുന്നു.
ലോക്ഡൗൺ ഇളവുകളെത്തുടർന്ന് വീണ്ടും കട തുറന്നെങ്കിലും കാര്യമായ കച്ചവടമുണ്ടായില്ല. ഇതിനിടെ നേരത്തേ ജോലിചെയ്തിരുന്ന കടയിൽ വീണ്ടും ജോലിക്കു പോകാൻ ശ്രമിച്ചു. അവിടെയും കച്ചവടം കുറവായതു കാരണം അവസരം ലഭിച്ചില്ല.
കടബാധ്യതയേറിയതും കച്ചവടമില്ലാത്തതും മുരുകനെ കടുത്ത മനോവിഷമത്തിലാക്കിയിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഈ മനോവിഷമമാണ് ജീവനൊടുക്കാനിടയാക്കിയതെന്ന് മുരുകന്റെ സഹോദരീഭർത്താവ് രാധാകൃഷ്ണൻ പറഞ്ഞു.
ഒരു കുടുംബത്തിന്റെ കൂടി ആശ്രയമാണ് ഇല്ലാതായത്. വീട്ടുമുറ്റത്തെ പടിയിൽ അച്ഛന്റെ ചെരിപ്പു കണ്ട് നാലു വയസ്സുകാരി നന്ദന ഇടയ്ക്കിടെ ചോദിക്കുന്നുണ്ടായിരുന്നു… അച്ഛനെവിടെയെന്ന്. മരണമറിഞ്ഞ് വീട്ടിലെത്തിയ ബന്ധുക്കൾക്കിടയിലൂടെ നന്ദന അച്ഛനെ തിരഞ്ഞുനടന്നു.
മുരുകൻ ആദ്യമായി തുടങ്ങിയ കടയ്ക്ക് ‘ശ്രീനന്ദന’ എന്നാണ് പേരു നൽകിയത്. മകളുടെ ഭാവിക്കായി കരുതിയ പണമടക്കം മുടക്കിയാണ് കട തുടങ്ങിയത്.
മുരുകന്റെ ഭാര്യ ബ്രഹ്മനായകി മരണവിവരമറിഞ്ഞതു മുതൽ കരഞ്ഞുതളർന്ന് കിടപ്പായിരുന്നു. രാവിലെ ശബ്ദം കേട്ടു നോക്കിയത് ബ്രഹ്മനായകിയാണ്. അതിന്റെ നടുക്കം വിട്ടുമാറിയിട്ടില്ല.