മാതൃത്വവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുക ദുസ്സഹം; പ്രസവാവധി നിഷേധിച്ച് പിരിച്ചുവിട്ട യുവതിയെ ജോലിയിൽ തിരിച്ചെടുക്കാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ജോലിക്കാരായ അമ്മമാരുടെ ജീവിതം കഠിനമാണെന്ന് ഹൈക്കോടതി. മാതൃത്വവും ജോലിയും ഒരുമിച്ചു കൊണ്ടുപോകുയെന്നത് സ്ത്രീയുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകുമെന്ന് ഹൈക്കോടതി പറഞ്ഞു. ഇവ രണ്ടും ഒരുമിച്ച് കൊണ്ടുപോകുന്നതിന്റെ ബദ്ധപ്പാട് സ്ത്രീകള്‍ക്ക് മാത്രമെ അറിയൂവെന്നും കോടതി.

പ്രസവാവധി നിഷേധിക്കുകയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നും ചൂണ്ടിക്കാട്ടി യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. കൊല്ലം ശിശുസംരക്ഷണ ഓഫീസിലെ കൗണ്‍സിലര്‍ വന്ദന ശ്രീമേധയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രവനാണ് ഹര്‍ജി പരിഗണിച്ചത്. സാഹചര്യം വിലയിരുത്തി അവധി അനുവദിക്കേണ്ടതിനു പകരം ഹര്‍ജിക്കാരിയെ പിരിച്ചുവിട്ട നടപടി അതിക്രൂരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

2016ല്‍ ദിവസവേതനത്തില്‍ ജോലിയില്‍ പ്രവേശിച്ച യുവതി ഈ വര്‍ഷം ജനുവരി 17വരെ ജോലി ചെയ്തു. പ്രസവത്തെ തുടര്‍ന്ന് മൂന്നുമാസത്തെ അവധി ലഭിച്ചു. തുടര്‍നിയമനം ലഭിച്ച യുവതി മൂന്നുമാസം കൂടി അവധിക്ക് അപേക്ഷിച്ചപ്പോള്‍ അപേക്ഷ തള്ളി. 51 ദിവസം പ്രായമായ കുഞ്ഞിനെ മുലയൂട്ടണമെന്ന് ഡോക്ടറുടെ നിര്‍ദേശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അവധി അപേക്ഷ.

അനധികൃത അവധിയിലാണെന്ന് ആരോപിച്ച് യുവതിയെ പിരിച്ചുവിട്ടു. കൂടാതെ പുതിയ നിയമനം നടത്താന്‍ ഉത്തരവിടുകയുമായിരുന്നുഡയറക്ടര്‍. താല്‍ക്കാലിക ജീവനക്കാര്‍ക്ക് ചട്ടപ്രകാരം കൂടുതല്‍ അവധിക്ക് അവകാശമില്ലെന്നും അവധി ഒരു അവകാശമായി ജീവനക്കാര്‍ക്ക് ഉന്നയിക്കാനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം യുവതിയെ ഉടന്‍ തിരിച്ചെടുക്കാനും അവധി അപേക്ഷ പരിഗണിക്കാനും വനിതാ-ശിശു വികസനവകുപ്പ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. അമ്മയുടെ സാന്നിദ്ധ്യവും കരുതലും കുഞ്ഞിന് ഒഴിവാക്കാനാകില്ല. അതുകൊണ്ടാണ് അമ്മമാര്‍ക്ക് പ്രസവാവധി അനുവദിച്ചിട്ടുള്ളതെന്നും ജഡ്ജി ഓര്‍മ്മിപ്പിച്ചു. യുവതിയെ തിരിച്ചെടുക്കാനും കോടതി നിര്‍ദേശിച്ചു.