ഭീതി മാറാതെ പെട്ടിമുടി;നാടിനെ നടുക്കിയ ദുരന്തത്തിന് ഒരാണ്ട്

മൂന്നാർ: നാടിനെ നടുക്കിയ ദുരന്തത്തിന് ഇന്ന് ഒരാണ്ട്. ഇത് പെട്ടിമുടി. ദുരന്തഭൂമി ഇന്ന് വിജനമായ സ്ഥലമാണ്. ദുരന്തത്തിൽപ്പെട്ട ലയങ്ങൾ ഇരുന്ന സ്ഥലങ്ങളിൽ കാടുപിടിച്ചുതുടങ്ങി. 70 പേരുടെ ജീവനാണ് അന്നത്തെ ഉരുൾപൊട്ടൽ കവർന്നത്.

അപകടത്തിൽ മരിച്ചവരും കാണാതായവരുമായ 24 പേരുടെ അവകാശികൾക്കുള്ള ധനസഹായം വേഗത്തിലാക്കാൻ റവന്യൂ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. തേയില നുളളിയെടുത്തുണ്ടാക്കിയ സമ്പാദ്യമാണ് തൊഴിലാളികൾക്ക് നഷ്ടമായത്. ആകെ 78 ലക്ഷം രൂപയുടെ നഷ്ടം ദുരന്തത്തിലുണ്ടായി എന്ന് സർക്കാർ കണക്ക്. ആർക്കും പക്ഷേ നഷ്ടപരിഹാരം കിട്ടിയിട്ടില്ല. കണ്ടുകിട്ടാനുള്ളവരുൾപ്പെടെ 24 പേർക്ക് ധനസഹായം കിട്ടാനുണ്ട്.

മരിച്ച 47 പേരുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകി.എന്നാൽ വാഹനങ്ങൾ ഉൾപ്പെടെ സകലതും നഷ്ടപ്പെട്ടതിന് സഹായമൊന്നുമില്ല. സമീപത്തെ ലയങ്ങളിലുണ്ടായിരുന്നവരെ മറ്റ് എസ്റ്റേറ്റുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. എട്ട് പേർക്ക് പുതിയ വീടും നിർമ്മിച്ച് നൽകി.

ദുരന്തത്തിൽ മരിച്ചവരെ സമീപത്തെ മൈതാനത്താണ് സംസ്കരിച്ചത്. 66 പേരും ഉറങ്ങുന്നത് ഒരുസ്ഥലത്ത്. ഇവിടെ കണ്ണൻ ദേവൻ കമ്പനിയുടെ നേതൃത്വത്തിൽ ഓരോരുത്തർക്കും പ്രത്യേകമായി കല്ലറകൾ നിർമിച്ചിട്ടുണ്ട്. സ്ലാബുകൾക്കുമുകളിൽ ഓരോരുത്തരുടെയും പേരുകളും വിവരങ്ങളും ഇതിനോടകം കൊത്തിവെച്ചുകഴിഞ്ഞു. കണ്ണൻദേവൻ കമ്പനിയുടെ നേതൃത്വത്തിൽ സമീപത്തായി ദുരന്തത്തിൽ മരിച്ചവർക്കായി പ്രത്യേക സ്മാരകവും നിർമിച്ചിട്ടുണ്ട്. മരിച്ചവരുടെ ശവകുടീരങ്ങളിൽ പ്രണാമം അർപ്പിക്കാൻ ബന്ധുക്കൾ ഇന്ന് രാമജമലയിലെത്തും. സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തും. കണ്ണൻ ദേവൻ കമ്പനി തയ്യാറാക്കിയ ശവകുടീരങ്ങൾ ബന്ധുക്കൾക്കായി സമർപ്പിക്കും.

പെട്ടിമുടി ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിലും ഇതുവരെ കണ്ടെത്താത്ത 4 പേരെ മരണമടഞ്ഞവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവരുടെ ആശ്രിതർക്കു സഹായം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ച് 7 മാസമായിട്ടും മരണ സർട്ടിഫിക്കറ്റ് പോലും ഇതുവരെ ലഭ്യമായിട്ടില്ല. മരണവിവരം രേഖാമൂലം പഞ്ചായത്തിനെ അറിയിക്കാത്തതാണു സർട്ടിഫിക്കറ്റ് നൽകാൻ തടസ്സമെന്നാണു പഞ്ചായത്ത്‌ പറയുന്നത്.

കല്ലുംമണ്ണും കൂനകൂടി പ്രേതഭൂമിപോലെ കിടക്കുന്ന ഇവിടെ 363 ദിവസങ്ങൾക്ക് മുമ്പ് കുറേ ജനങ്ങളുണ്ടായിരുന്നു. തോട്ടങ്ങളിൽ എല്ലുമുറിയെ പണിചെയ്ത് അന്നന്നത്തെ അന്നത്തിന് വകയുണ്ടാക്കി കുഞ്ഞുകുട്ടി പരാധീനങ്ങളുമായി ജീവിച്ചിരുന്ന പാവങ്ങൾ.

കുരിശുമലയ്ക്ക് മുകളിൽനിന്ന് പൊട്ടിയൊഴുകിയ ഉരുൾ ഒറ്റരാത്രികൊണ്ട് ആ ജനവാസകേന്ദ്രത്തെ തുടച്ചുമാറ്റി. അവരുടെ കണ്ണീരും ചോരയും നിലവിളിയും പെട്ടിമുടിപുഴയിൽ അലിഞ്ഞുചേർന്നു.

നാല്‌ ലയങ്ങളിൽ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗർഭിണികളുമടക്കം 70 പേരുടെ ജീവനാണ് അന്ന് ഉരുൾ കവർന്നെടുത്തത്. 12 പേർ മാത്രമാണ് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്.

ഓഗസ്റ്റ് ആറിന് രാത്രി പത്തരയ്ക്കാണ് പെട്ടിമുടിക്കുമീതെ ദുരന്തം ഉരുൾപൊട്ടിയെത്തിയത്. നിമിഷനേരംകൊണ്ട് ലയങ്ങളെല്ലാം മണ്ണിനടിയിലായി. കൂറ്റൻ പാറക്കല്ലുകളും വന്നുവീണു. ജോലി കഴിഞ്ഞുവന്ന ക്ഷീണത്തിൽ മിക്കവരും ഉറക്കംപിടിച്ചിരുന്നു. ഉറക്കെ കരയാനാകുംമുമ്പുതന്നെ അവർ മണ്ണിൽ പൂണ്ടുപോയി.

വാർത്താവിനിമയ സംവിധാനങ്ങളുടെ കുറവുകാരണം 10 മണിക്കൂറിന് ശേഷമാണ് ദുരന്തം പുറംലോകം അറിഞ്ഞത്. അതായത് പിറ്റേ ദിവസം. പിന്നെ കണ്ടത് സംസ്ഥാനം കണ്ടതിൽവെച്ച് ഏറ്റവും ശ്രമകരമായ രക്ഷാപ്രവർത്തനമായിരുന്നു.

ദുരന്തനിവാരണസേനയും വിവിധ വകുപ്പുകളുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അഞ്ഞൂറിലധികം പേർ രക്ഷാപ്രവർത്തനത്തിനിറങ്ങി. കൊറോണ കൊടുംപിരികൊണ്ട് നിൽക്കുന്ന സമയം. ആരും അതിനെ വകവെച്ചില്ല. പേടിച്ചില്ല. പ്രതീക്ഷയോടെ തിരച്ചിൽ തുടങ്ങി.

19 ദിവസം നീണ്ടുനിന്ന തിരച്ചിൽ. ഓരോ ദിവസവും ഹൃദയഭേദകമായിരുന്നു കാഴ്ചകൾ. അച്ഛനും അമ്മയ്ക്കുമൊപ്പം കെട്ടിപ്പിടിച്ചുകിടക്കുന്ന രീതിയിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ കണ്ടെടുത്തപ്പോൾ നാട് കണ്ണീരണിഞ്ഞു. ഉറ്റവരെ ഒരു നോക്കുകാണാൻ ദുരന്തഭൂവിലെത്തിയ ബന്ധുക്കളുടെ അലമുറകൾ.

ദുരന്തഭൂമിയിലും സമീപത്തുകൂടി ഒഴുകുന്ന പെട്ടിമുടിപുഴ, ഗ്രാവൽ ബാങ്ക്, ഉരുൾപൊട്ടി ഒഴുകിയഭാഗത്തെ വനപ്രദേശങ്ങൾ എന്നിവിടങ്ങളിലായിരുന്നു കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ നടന്നത്. തിരച്ചിലിൽ 14 കിലോമീറ്റർ ദൂരത്തുനിന്നുവരെ മൃതദേഹങ്ങൾ കണ്ടെടുത്തു. കനത്ത മഴയെയും മുടൽമഞ്ഞും കൊടുംതണുപ്പും അട്ടകടിയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണുയർത്തിയത്.

രക്ഷാപ്രവർത്തകർ കണ്ടെടുക്കുന്ന മൃതദേഹങ്ങൾ ദുരന്തഭൂമിയിൽനിന്ന്‌ നാലുകിലോമീറ്റർ ദൂരത്തുള്ള രാജമലയ്ക്കുസമീപമുള്ള എസ്റ്റേറ്റ് ആശുപത്രിയിലായിരുന്നു പരിശോധനകൾ നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സർക്കാർ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ. അവസാനം നാലുപേരെ ഒഴികെ ബാക്കി 66 പേരെ കണ്ടെത്തി. പരമാവധി ശ്രമിച്ചിട്ടും ആ നാലുപേർ കാണാമറയത്തുതന്നെ നിന്നു. ഇവരെ മരിച്ചതായി കണക്കാക്കി സർക്കാർ ഉത്തരവ് ഇറങ്ങി. ദുരന്തഭൂമി ഇന്നും അനേകർക്ക് പേടി സ്വപ്നമാണ്. ഇനി ഒരു ദുരന്തം ഉണ്ടാകരുതേ എന്നാണ് എല്ലാവരുടെയും പ്രാർഥന.