കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.ബാങ്കിലെ മുന്‍ സെക്രട്ടറി സുനില്‍ കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരിം, മുന്‍ സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ്, കിരണ്‍, മുന്‍ കമ്മിഷന്‍ ഏജന്റ് ബിജോയ്, റെജി, അനിൽ എന്നിവർക്കെതിരെയാണ് നോട്ടീസ്.

പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് ആറുപ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. തൃശൂർ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

പ്രതികൾ സംസ്ഥാനം വിട്ട് പോയിട്ടില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് പോലീസ് കോടതിയെ അറിയിച്ചത്. കേസിലെ രണ്ട് പ്രതികൾ ഹൈക്കോടതിയിലും, നാല് പ്രതികൾ സെഷൻസ് കോടതിയിലുമാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ബിജോയ്, സുനിൽകുമാർ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഇവര്‍ കേരളം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.എന്നാൽ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും പോലീസ് പറയുന്നു. പ്രതികളുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും പരിശോധന നടത്തി. ലോക്കല്‍ പോലീസ് എഫ് ഐആര്‍ ഇട്ടപ്പോള്‍ മുതല്‍ പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു