കെ മുരളീധരന്‍ വീണ്ടും കെ പി സി സി പ്രചാരണ സമിതി ചെയർമാന്‍

ന്യൂഡെൽഹി: കെ. മുരളീധരനെ കെപിസിസിയുടെ പ്രചാരണ സമിതി ചെയർമാനായി ഹൈക്കമാൻഡ് നിയമിച്ചു. ഇത് രണ്ടാംതവണയാണ് മുരളീധരൻ കെപിസിസിയുടെ പ്രചാരണ സമിതി ചെയർമാനായി നിയമിതനാകുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപും മുരളീധരനായിരുന്നു പ്രചാരണസമിതി ചെയർമാൻ. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞു.

കെപിസിസിയുടെ മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ വിമർശിച്ചു കൊണ്ടായിരുന്നു അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. പാർട്ടിയിൽ കൃത്യമായ കൂടിയാലോചനകൾ നടക്കുന്നില്ല എന്നതടക്കമുള്ള വിമർശനം ഉന്നയിച്ചായിരുന്നു പദവി ഒഴിഞ്ഞത്. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിൽ മുരളീധരൻ നേമത്ത് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇതിനു ശേഷം നടന്ന പുനഃസംഘടനയിൽ മുരളീധരന്റെ പേര് പലവട്ടം ഉയർന്നുവന്നെങ്കിലും ഹൈക്കമാൻഡ് അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല.

യുഡിഎഫ് കൺവീനർ സ്ഥാനത്തേക്കും ഒരുഘട്ടത്തിൽ മുരളീധരനെ പരിഗണിച്ചിരുന്നു. എന്നാൽ എ, ഐ ഗ്രൂപ്പുകളും സംസ്ഥാനത്തെ പിസിസി നേതൃത്വവും മുരളീധരൻ വരുന്നതിനോട് യോജിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് ഇപ്പോൾ മറ്റൊരു പ്രധാന പദവിയിലേക്ക് അദ്ദേഹത്തെ ഹൈക്കമാൻഡ് നിയമിച്ചിരിക്കുന്നത്.

2024-ൽ നടക്കാനാരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പാണ് മുരളീധരന് മുന്നിലുള്ള കടമ്പ. നേതൃത്വവുമായി കുറച്ചുകാലമായി അകന്നുനിന്ന മുരളീധരനെ അനുനയിപ്പിക്കുന്ന നീക്കം കൂടിയാണ് ഹൈക്കമാൻഡ് നടത്തിയിരിക്കുന്നത്. മുരളീധരൻ്റെ പദവി പാർട്ടിക്ക് പൊതുവെ പ്രയോജനകരമാകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ പ്രതീക്ഷ.