തിരുവനന്തപുരം: പ്രതിസന്ധിയിലായ കായൽ ടൂറിസം മേഖലയ്ക്ക് ആശ്വാസം. ആലപ്പുഴയിൽ ഹൗസ്ബോട്ടുകൾ പ്രവർത്തിക്കാൻ അനുമതി. ഹൗസ് ബോട്ടുകൾക്കും ശിക്കാര വള്ളങ്ങൾക്കും നിബന്ധനകളോടെ പ്രവർത്തിക്കാനാണ് അനുമതി നൽകിയത്.
സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം. കൊറോണ വാക്സിൻ സ്വീകരിച്ച ജീവനക്കാരെ വച്ച് മാത്രമേ ഹൗസ് ബോട്ടുകളും വള്ളങ്ങളും ഉപയോഗിക്കാവൂ എന്നും നിർദേശമുണ്ട്.
ഒരു ഡോസ് വാക്സിൻ എടുത്ത സഞ്ചാരികൾക്ക് ഹൗസ്ബോട്ടുകളിൽ പ്രവേശിക്കാം. 72 മണിക്കൂറിനിടെ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ, കൊറോണ പോസിറ്റീവായി ഒരുമാസം കഴിഞ്ഞവർക്കോ ബോട്ടുകളിൽ പ്രവേശനം അനുവദിക്കും.
കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി ഹൗസ് ബോട്ടുകൾ ഓടാതിരുന്നതിനെ തുടർന്ന് ഈ മേഖലയിൽ കടുത്ത പ്രതിസന്ധിയാണ്. ആയിരക്കണക്കിന് ഹൗസ് ബോട്ട് ജീവനക്കാരും ഉടമകളും പട്ടിണിയിലും കടക്കെണിയിലുമാണ്. ഓടാതെ കിടന്ന് ബോട്ടുകൾ പലതും തകർന്നു പോയ ദയനീയ കാഴ്ചകളും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.