അതിവേഗം നിർമ്മാണം പുരോഗമിക്കുന്നു; അയോധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറില്‍ ഭക്തര്‍ക്കായി തുറന്നുകൊടുക്കും

അയോധ്യ: അതിവേഗം നിർമ്മാണം പുരോഗമിക്കുന്ന അയോധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറില്‍ ഭക്തര്‍ക്കായി തുറന്നുകൊടുത്തേക്കും. ക്ഷേത്രനിര്‍മാണം ഒരു വര്‍ഷമായ സാഹചര്യത്തില്‍കൂടിയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വിമാനത്താവളമടക്കമുള്ള വികസന പദ്ധതികളാണ് അയോധ്യയില്‍ നടപ്പാക്കുന്നത്. നഗരത്തെ തീര്‍ത്ഥാടന-വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.

അയോധ്യയുടെ വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ രണ്ട് തവണ ഇതിനോടം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നിര്‍ണായകമായ തെരഞ്ഞെടുപ്പ് വരാനിരിക്കെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പരമാവധി വേഗത്തിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. മ്യൂസിയം, ഡിജിറ്റല്‍ ആര്‍ക്കൈവ്സ്, റിസര്‍ച്ച് സെന്റര്‍ എന്നിവയടക്കം ക്ഷേത്രത്തിന്റെ ഭാഗമായി നിര്‍മ്മിക്കും.

അതേസമയം ക്ഷേത്രത്തിന്റെ പൂര്‍ണമായ നിര്‍മാണം പൂര്‍ത്തിയാകാന്‍ 2025 വരെ സമയമെടുക്കാനാണ് സാധ്യത. യുദ്ധകാലാടിസ്ഥാനത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. ശ്രീകോവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി രാംലല്ല, സീത, ലക്ഷ്മണന്‍ എന്നിവരുടെ വിഗ്രഹംമാറ്റി സ്ഥാപിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ക്ഷേത്രനിര്‍മാണത്തിനായി രാജസ്ഥാന്‍ മാര്‍ബിളുകളും കല്ലുകളുമാണ് ഉപയോഗിക്കുന്നത്. മൂന്ന് നിലകളിലായി നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ ഒന്നാം നിലയിലാകും രാം ദര്‍ബാര്‍. 360 അടി നീളവും 235 അടി വീതിയുമാണ് ആകെ അളവ്. ആധുനിക ആര്‍ട്ട് ഡിജിറ്റല്‍ മ്യൂസിയം, സന്യാസിമാര്‍ക്കായുളള ഇടം, ഓഡിറ്റോറിയം, ഭരണനിര്‍വഹണ കാര്യാലയങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ക്ഷേത്ര സമുച്ചയം. 2020 ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രനിര്‍മാണത്തിനായി തറക്കല്ലിട്ടത്.