തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കുന്ന വൈദ്യുതി ഭേദഗതി ബിൽ വൈദ്യുതി വിതരണരംഗത്ത് സ്വകാര്യ കമ്പനികളുടെ കടന്നുകയറ്റത്തിന് അവസരം സ്യഷ്ടിക്കുമെന്നതിനാൽ ബിൽ പിൻവലിക്കണമെന്ന് സംസ്ഥാന നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുമായി വിഷയം ചർച്ച ചെയ്യാനും സമവായത്തിലെത്താനും കേന്ദ്രത്തിന് സാധിച്ചിട്ടില്ലെന്ന് പ്രമേയം അവതരിപ്പിച്ച മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു.
നിർദിഷ്ട ഭേദഗതി വൈദ്യുതി മേഖലയുടെ തകർച്ചയ്ക്കു കാരണമാകുമെന്നും സാധാരണക്കാർക്കു വൈദ്യുതി അപ്രാപ്യമാക്കുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. നിലവിലുള്ള വൈദ്യുതി ലൈനുകളിലൂടെ വൈദ്യുതി കടത്തിക്കൊണ്ടു പോകുന്നതിനും വിൽക്കാനും സ്വകാര്യ കമ്പനികൾക്കു കഴിയും.
വൈദ്യുതി വിതരണ രംഗത്ത് തികഞ്ഞ അനിശ്ചിതത്വം ഉണ്ടാകും. സാധാരണ ഗാർഹിക ഉപയോക്താക്കളുടെയും കാർഷിക ഉപയോക്താക്കളുടെയും നിരക്കുകൾ അതിഭീകരമായി ഉയരുന്നതിനും ഭേദഗതി ഇടയാക്കുമെന്നു പ്രമേയം ചൂണ്ടിക്കാട്ടി.