തിരുവനന്തപുരം : മാസ്‌ക് ധരിക്കാതെ കാറിൽ എത്തിയ വിഐപിക്ക് പിഴ ചുമത്താത്തത് ചോദ്യം ചെയ്ത് യുവാവ്. ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി നടത്തുന്ന പരിശോധനയ്‌ക്കിടെയാണ് സംഭവം. പെറ്റിയടിക്കാതെ അയാളുമായി സംസാരിച്ചു നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. യുവാവിന്റെ പ്രവൃത്തിയ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി.
മാസ്‌ക് ധരിക്കാതെ നിൽക്കുന്ന വിഐപിയോട് സംസാരിച്ച് നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥനോടാണ് യുവാവ് വിശദീകരണം തേടിയത്. ‘ഇയാൾക്കെന്താ മാസ്‌ക് വേണ്ടേ, സാധാരണക്കാരൻ നിങ്ങൾ പെറ്റി അടിക്കില്ലേ. എന്റെ ചോദ്യം ന്യായമല്ലെ’ എന്നാണ് യുവാവ് ചോദിക്കുന്നത്.
വീഡിയോ പകർത്തുന്നുണ്ടെന്ന് വ്യക്തമായതോടെ പോലീസ് ഉദ്യോഗസ്ഥർ സ്‌നേഹത്തോടെ സംസാരിക്കാൻ ആരംഭിച്ചു. ‘നീ പറയുന്നത് കേൾക്ക്, ഇങ്ങോട്ട് വാ’ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതിനിടെ കാറിൽ നിന്നും പുറത്തിറങ്ങി നിൽക്കുന്ന വിഐപി മാസ്‌ക് ധരിക്കുന്നുമുണ്ട്.
കൊറോണ നിയന്ത്രങ്ങളുടെ പേരിൽ പോലീസ് വ്യാപകമായി പെറ്റിയടിക്കാൻ തുടങ്ങിയതോടെയാണ് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. കടയിൽ കയറി വെള്ളം കുടിക്കാൻ മാസ്‌ക് താഴ്‌ത്തിയാൽ പോലും പിഴ ഈടാക്കുന്ന ഉദ്യോഗസ്ഥർ എന്തുകൊണ്ട് വിഐപികൾക്ക് മുന്നിൽ മൗനം പാലിക്കുന്നു എന്ന ആരോപണങ്ങളാണ് ഉയരുന്നത്.