നീണ്ടകര : ട്രോളിങ് നിരോധനം നീങ്ങിയതോടെ ബോട്ടുകൾക്ക് മത്സ്യക്കൊയത്ത്. കരിക്കാടിയും പൂവാലൻ ചെമ്മീനുമായിരുന്നു കൂടുതൽ ലഭിച്ചത്. ശനിയാഴ്ച അർദ്ധരാത്രി കടലിൽപ്പോയി ഞായറാഴ്ച തിരികെയെത്തിയ ചെറുബോട്ടുകൾ, വാരാന്ത്യ ലോക്ഡൗണായതിനാൽ ഹാർബറിൽ അടുപ്പിക്കാനായില്ല. കടലിൽ നങ്കൂരമിട്ടു കാത്തിരുന്ന ബോട്ടുകൾ തിങ്കളാഴ്ച പുലർച്ചെയോടെ ഹാർബറുകളിലെത്തി. സംഭരണസംവിധാനമില്ലാത്ത ബോട്ടുകൾ ചെറുകടവുകളിൽ അടുപ്പിച്ച് കച്ചവടക്കാർക്ക് മീൻ വിറ്റു.
കൊറോണ വ്യാപന പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് മീൻപിടിത്തത്തിന് അനുമതി നൽകിയിട്ടുള്ളത്. ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിൽ കൊറോണ മാനദണ്ഡങ്ങൾ അനുസരിച്ചാണ് പ്രവർത്തനം. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശങ്ങൾ നൽകി. തിരക്കു കൂടുമെന്നതിനാൽ ലേലം അനുവദിക്കില്ല. കച്ചവടത്തിന് വാർഫ് തുറന്നുകൊടുക്കും. മീൻ വാങ്ങാൻ വരുന്നവർക്ക് പാസ് ഏർപ്പെടുത്തി.
ശക്തികുളങ്ങരയിൽ രാവിലെ നാലുമുതൽ വൈകീട്ട് നാലുവരെയാണ് മത്സ്യവ്യാപാരം. തങ്കശ്ശേരി ഹാർബറിൽ പ്രവർത്തിക്കുന്ന യാനങ്ങൾ അതത് സൊസൈറ്റികൾക്ക് അനുവദിച്ചിട്ടുള്ള ലേലഹാളിലാണ് വിപണനം നടത്തേണ്ടത്. വാഹനങ്ങൾ അകത്തേക്കു കടത്തിവിടുന്നതിനും നിയന്ത്രണമുണ്ട്. ഗാർഹിക ഉപഭോക്താക്കൾ, ലേലത്തൊഴിലാളികൾ, ഏജന്റുമാർ, ബോട്ട് ഉടമകൾക്കൊപ്പമെത്തുന്ന സഹായികൾ എന്നിവർക്ക് ഹാർബറുകളിലും ലേലഹാളുകളിലും പ്രവേശനമില്ല.
ഹാർബറിൽ പ്രവേശിക്കുന്ന ട്രേഡ് യൂണിയൻ തൊഴിലാളികൾ, ലേലത്തൊഴിലാളികൾ, സീഫുഡ് ഏജന്റുമാർ, ബോട്ടുടമകൾ, വാഹനത്തൊഴിലാളികൾ, കച്ചവടക്കാർ തുടങ്ങിയവർ രണ്ടുഡോസ് വാക്സിനും എടുത്തവരോ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരോ ആയിരിക്കണം.