ന്യൂഡെൽഹി: ഝാർഖണ്ഡിൽ അഡീഷണൽ സെഷൻസ് ജഡ്ജി ഉത്തം ആനന്ദ് വാഹനം ഇടിച്ച് മരിച്ച സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന ഇല്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. സംഭവം വാഹനാപകടമാണെന്നും ഓട്ടോ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. അപസ്മാരത്തിനുള്ള മരുന്നും മദ്യവും ഓട്ടോഡ്രൈവർ കഴിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.
ഹൈക്കോടതിയിൽ പ്രാഥമിക റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ചു. ഉത്തം ആനന്ദ് മരിച്ച സംഭവത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിലായിരുന്നു പ്രത്യേക സംഘത്തിന്റെ അന്വേഷണം. സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കാൻ സുപ്രീം കോടതിയും നിർദ്ദേശിച്ചിരുന്നു.
പ്രഭാത സവാരിയ്‌ക്ക് ഇറങ്ങിയ ധൻബാദ് ഉത്തം ആനന്ദിനെ ഒരു ഓട്ടോറിക്ഷ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. ബോധപൂർവ്വം ഇടിച്ചതാണെന്ന് സംശയിക്കാവുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി ജഡ്ജിയുടെ കുടുംബം പോലീസിൽ പരാതിയും നൽകിയിരുന്നു.