കണ്ണൂർ: മാനസയുടെ മൃതദേഹവുമായി കണ്ണൂരിൽ എത്തി കോതമംഗലത്തേക്ക് തിരിച്ച് പോകുകയായിരുന്ന ആംബുലൻസിൽ ടാങ്കർ ലോറി ഇടിച്ചു കയറി.ആംബുലൻസിലുണ്ടായിരുന്ന രണ്ട് ഡ്രൈവർമാർക്ക് പരിക്കേറ്റു. ഇരുവരെയും കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാഹിപ്പാലത്തിന് സമീപം പരിമടത്ത് വച്ചാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറി ആംബുലൻസിൽ ഇടിക്കുകയായിരുന്നു. എറണാകുളം പുന്നേക്കാട് സ്വദേശി എമിൽ മാത്യു, വട്ടം പാറ സ്വദേശി ബിട്ടു കുര്യൻ എന്നിവർക്കാണ് പരിക്കേറ്റത്. പുലർച്ചെ 2.50-ഓടെയാണ് അപകടമുണ്ടായത്.
കണ്ണൂരിലെ എകെജി ആശുപത്രിയിലേക്കാണ് മാനസയുടെ മൃതദേഹം എത്തിച്ചത്. അവിടെ നിന്ന് കണ്ണൂർ നാറാത്തുള്ള വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോയി.പിന്നീട് പയ്യാമ്പലം ശ്മശാനത്തിൽ സംസ്കാരം നടത്തി. മന്ത്രി എം. വി. ഗോവിന്ദൻ ഉൾപ്പടെയുള്ളവർ അന്തിമോപചാരം അർപ്പിക്കാൻ എത്തി. അതേസമയം, രഖിലിന്‍റെ മൃതദേഹം മേലൂരിലെ വീട്ടിൽ എത്തിച്ചു. തലശ്ശേരി ജനറൽ ആശുപത്രിയിലായിരുന്നു രഖിലിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്നത്. അവിടെ നിന്ന് പിണറായിയിലെ പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം.