വാഹനങ്ങൾ ഇനി കുതിക്കും; കാത്തിരിപ്പിനൊടുവിൽ കുതിരാൻ തുരങ്കം തുറന്നു

തൃശ്ശൂർ: വാഹനങ്ങൾ ഇനി കുതിക്കും. കാത്തിരിപ്പിനൊടുവിൽ കുതിരാൻ തുരങ്കം തുറന്നു. ഇരട്ടക്കുഴൽ തുരങ്കത്തിലെ, തൃശൂർ ഭാഗത്തേക്കുള്ള ഇടതു തുരങ്കമാണു തുറന്നത്. കൊറോണ വ്യാപന സാഹചര്യം കണക്കിലെടുത്ത് ഉദ്ഘാടന ചടങ്ങടക്കമുള്ള ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയാണ് തുരങ്കം തുറന്നത്.

ഗതാഗതയോഗ്യമായ ഒരു ടണലില്‍ കൂടി വൈകിട്ട് അഞ്ചു മുതൽ വാഹനങ്ങൾ കടത്തിവിട്ടു. ഇതോടെ കോയമ്പത്തൂർ– കൊച്ചി പാതയിലെ യാത്രാസമയം ഗണ്യമായി കുറയും. നേരത്തേ കുതിരാന്‍ തുരങ്കം തുറക്കാന്‍ കേന്ദ്ര ഉപരിതര ഗതാഗത മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചിരുന്നു. ഉപരിതര ഗതാഗത മന്ത്രാലയത്തിൻ്റെ പരിശോധനയ്ക്ക് ശേഷമാണ് അനുമതി നൽകിയത്.

ദേശീയപാത അതോറിറ്റി ഇന്നലെ വൈകുന്നേരമാണ് തുരങ്കത്തിന്റെ സുരക്ഷയെ സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രാലയത്തിന് കൈമാറിയത്. തുടര്‍ന്നാണ് പാത എത്രയും വേഗം തുറക്കാനുള്ള നടപടി ക്രമങ്ങളിലേക്ക് നീങ്ങിയത്.

തുരങ്കം ഓഗസ്റ്റ് ആദ്യം തുറക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നത്. അഗ്നി രക്ഷാ സേനയുടെത് അടക്കം സുരക്ഷാ പരിശോനകള്‍ തുരങ്കത്തില്‍ നടത്തിയിരുന്നു.