തിരുവനന്തപുരം: ഓണക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ശമ്പളം !. ഒന്നുകൂടി ഒരു മാസത്തെ ശമ്പളം വെറുതെ കിട്ടുമോ?. സാധരണക്കാരുടെ മനസിൽ തോന്നാറുള്ള ചോദ്യമാണിത്. സർക്കാർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമറിയാം ഇതൊക്കെ ചിലരുടെ സൃഷ്ടിയാണെന്ന്. സൗകര്യം പോലെ എടുത്ത് പ്രയോഗിക്കാവുന്ന ഒരായുധമാക്കും അവസര വാദികൾ ഇത്.
മാസാവസാനമാണ് ഓണം എത്തുന്നത് എങ്കിൽ ആ മാസത്തെ ശമ്പളവും ഓണത്തിന് മുൻപ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നൽകുന്ന പതിവുണ്ടായിരുന്നു. ഇങ്ങനെയാണ് മാസം രണ്ട് ശമ്പളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ അടുത്ത ശമ്പളം കിട്ടാൻ ഏകദേശം 45 ദിവസം എടുക്കും.
സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ബോണസും ഉത്സവബത്തയും നൽകുന്നതും അനിശ്ചിതത്വത്തിലായി. ഉത്സവബത്തയായി ലഭിക്കുന്നത് നാലായിരത്തിൽ താഴെയുള്ള തുകയും.
കൊറോണ കാലഘട്ടമായിരുന്നുവെങ്കിലും കഴിഞ്ഞ വർഷം ഓണം അഡ്വാൻസായി 15,000 രൂപ വരെ നൽകി. അത് അഞ്ച് തവണകളായി സർക്കാർ തിരിച്ചുപിടിച്ചു. 27,360 രൂപ വരെ ശമ്പളമുള്ളവര്‍ക്ക് 4,000 രൂപ ബോണസും അതിൽ കൂടിയ ശമ്പളമുള്ളവര്‍ക്ക് 2750 രൂപ ഉത്സവബത്തയും നൽകിയിരുന്നു. അതിന് പുറമെ, രണ്ട് മാസത്തെ ശമ്പളം അടക്കം 6,000 കോടിയിലേറെ രൂപയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത്.
സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ബോണസും ഉത്സവബത്തയും നൽകുന്നതും അനിശ്ചിതത്വത്തിലായി. നിലവിലെ സന്ദര്‍ഭത്തിന്റെ ഗൗരവം എല്ലാവരും മനസ്സിലാക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞതോടെയാണ് രണ്ടു ശമ്പളമെന്ന പ്രചാരണം ചിലർ ഉയർത്തിയത്.
കൊറോണ കാലത്തും ഏറെ സംരക്ഷിക്കപ്പെട്ട വിഭാഗം ശമ്പളവും പെൻഷനും കിട്ടുന്ന വിഭാഗവുമാണെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറയുന്നു. മറ്റ് മേഖലകളില്‍ വളരെ ഗുരുതരമായ സ്ഥിതിയാണുള്ളത്. അതെല്ലാം കണക്കാക്കി എല്ലാവര്‍ക്കും ഓണം എത്തിക്കുക എന്ന സമീപനമായിരിക്കും സര്‍ക്കാരിന്റേതെന്നാണ് മന്ത്രിയുടെ വിശദീകരണം. അതേസമയം, ഉത്സവബത്തയും ബോണസും വേണ്ടന്ന് വയ്ക്കുന്നതിൽ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ഇത്തരമൊരു ചർച്ച ഉയർത്തിയതിന് പിന്നിൽ ചിലരുടെ നിക്ഷിപ്ത താൽപര്യമാണെന്ന് സർക്കാർ ജീവനക്കാരുടെ സംഘടനകൾക്ക് അഭിപ്രായമുണ്ട്. തെരഞ്ഞെടുപ്പിൽ ഒപ്പം നിന്ന ബഹു ഭൂരിപക്ഷം വരുന്ന ജീവനക്കാരോട് സർക്കാരിൻ്റെ സമീപനം എന്തായിരിക്കുമെന്നും വരും ദിവസങ്ങളിൽ വ്യക്തമാകും.