കണ്ണൂര്‍: മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ. വിനോദ് ചന്ദ്രനെയും ഭാര്യ സരിതകുമാരിയെയും മര്‍ദിച്ച് അവശരാക്കി കെട്ടിയിട്ടശേഷം കവര്‍ച്ച നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ടുപ്രതികളെ കണ്ണൂര്‍ സിറ്റി പൊലീസ് ചെന്നൈയില്‍നിന്ന് അറസ്റ്റ് ചെയ്തു. ചെങ്കല്‍പേട്ടയിലെ ഒളിത്താവളത്തില്‍ ഇവരെ കണ്ടെത്തി പിടികൂടുകയായിരുന്നു.
രണ്ടാംപ്രതി മുഹമ്മദ് ഹിലാല്‍ (20), കൂട്ടുപ്രതിയായ ഷാഹിന്‍ മുള്ള (37) എന്നിവരെയാണ് പിടികൂടിയത്. ഇരുവരും ബംഗ്ലാദേശ് സ്വദേശികളാണ്. പ്രതികളെ അടുത്ത ദിവസം കണ്ണൂരില്‍ എത്തിക്കും.
2018 സെപ്റ്റംബര്‍ ആറിനാണ് മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ. വിനോദ് ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച് 60 പവന് സ്വര്‍ണവും പണവും ലാപ്ടോപും കൊണ്ടുപോയത്. മൂന്നു പേര് നേരത്തെ അറസ്റ്റിലായിരുന്നു.