കോതമംഗലത്ത് മെഡിക്കൽ വിദ്യാർഥി കൊല്ലപ്പെട്ടത് അന്വേഷിക്കാൻ പ്രത്യേക സംഘം; യുവാവ് വെടിവച്ചത് ഉയർന്ന പ്രഹര ശേഷിയുള്ള തോക്ക് ഉപയോഗിച്ച്‌

കൊച്ചി: കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനി മാനസ കൊല്ലപ്പെട്ട കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ രഖിലിന് തോക്ക് എവിടെ നിന്നു ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഇതിനായി പൊലീസ് സംഘം കണ്ണൂരിലെത്തി.

സംഭവത്തിൽ തലശ്ശേരിയിലെ രഖിലിന്റെ സൈനികരായ കൂട്ടുകാരെ കണ്ടെത്താൻ അന്വേഷണം തുടങ്ങി.
സാധാരണ നിലയിൽ ഉയർന്ന സൈനിക ഉദ്യോഗസ്ഥർക്കു പണം നൽകി വാങ്ങാവുന്ന, ലൈസൻസ് ലഭിക്കുന്ന തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചത്.

യുവാവിനു തോക്കു ലഭിച്ചത് ഏതെങ്കിലും സൈനികനിൽനിന്നു വാങ്ങിയതോ മോഷ്ടിച്ചതോ ആകാമെന്നു വിദഗ്ധൻ. കണ്ണൂരിൽ ധാരാളം പട്ടാളക്കാർ ഉള്ള സ്ഥലമായതിനാലാണ് ഇതിനുള്ള സാധ്യത. ഇത്തരത്തിലുള്ള തോക്കുകൾ സറണ്ടർ ഡെപ്പോസിറ്റിനായി കൊണ്ടുവന്നിട്ടുള്ളത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് എറണാകുളത്ത് ദീർഘ വർഷങ്ങളായി ആർമറി നടത്തുവർ പറയുന്നു.

ഉയർന്ന പ്രഹര ശേഷിയുള്ള 7.62 എംഎം കാലിബർ പിസ്റ്റളാണ് രഖിൽ മാനസയെ വെടിവയ്ക്കാൻ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് പൊലീസ് നൽകുന്ന വിവരം. സാധാരണഗതിയിൽ വിപണിയിൽ ലഭ്യമല്ലാത്ത തോക്കാണ് ഇത്. മാത്രമല്ല, സംഭവ സ്ഥലത്തുനിന്നു കണ്ടെടുത്ത തോക്ക് ആദ്യഘട്ട പരിശോധനയിൽ പഴക്കമുള്ളതും പിടി മാറ്റിയിട്ടിട്ടുള്ളതുമാണ് എന്നാണ് മനസിലാകുന്നത്.

ചൈനീസ് പിസ്റ്റളിൽ ഇത്തരത്തിലുള്ള പിടി കണ്ടിട്ടില്ല എന്നതിനാൽ കള്ളത്തോക്കാകുമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പിടി ഒഴികെയുള്ള കുഴലും പിസ്റ്റൾ ഭാഗവും കമ്പനി മെയ്ഡാണ് എന്നാണ് മനസിലാകുന്നത്. അതുകൊണ്ടു തന്നെ കള്ളത്തോക്കാണെന്നു കരുതാനാവില്ല. പിടി പൊട്ടിപ്പോയതിനാൽ മാറിയതാകാനാണ് സാധ്യത. എന്നാൽ തോക്ക് നേരിൽ കണ്ടാൽ മാത്രമേ കൃത്യമായി മനസിലാക്കാനാകൂ എന്നും വിദഗ്ധർ പറഞ്ഞു.

മാനസയെ വധിക്കുന്നതിനായി മനപ്പൂർവം സംഘടിപ്പിച്ചതാണ് തോക്കെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. പഴയ തോക്കായതിനാൽ ഇത് നേരായ വഴിയിലൂടെ അല്ലാതെ സംഘടിപ്പിച്ചതിനാണ് സാധ്യത എന്നാണു കരുതുന്നത്. ബാലിസ്റ്റിക് വിദഗ്ധർ പരിശോധിക്കുന്നതോടെ തോക്കിന്റെ നമ്പർ ഉപയോഗിച്ച് ഇത് ആരെങ്കിലും ലൈസൻസ് എടുത്ത് ഉപയോഗിച്ചിരുന്നതാണോ എന്നു വ്യക്തമാകുമെന്നും പൊലീസ് പറയുന്നു.

ഉയർന്ന പ്രഹര ശേഷിയുള്ള തോക്കു ലഭിക്കാൻ നേരത്തെ ഉണ്ടായിരുന്നതു പോലെയുള്ള തടസങ്ങൾ ഇപ്പോഴില്ലെന്നതാണ് വസ്തുത. മുംബൈ ബ്ലാക് മാർക്കറ്റിലൂടെയോ ഡാർക് വെബിലൂടെയോ ഒക്കെ തോക്കു സമ്പാദിക്കാനാകും. 50,000 രൂപയ്ക്കു മുകളിൽ മുടക്കാനായാൽ ഓൺലൈനായി തന്നെ ഇവ വീട്ടിലെത്തുകയും ചെയ്യും. ഈ വഴിക്കൊന്നുമല്ല രഖിലിനു തോക്കു ലഭിച്ചത് എന്നു തന്നെയാണ് പ്രാഥമിക വിലയിരുത്തൽ. അടുത്ത ദിവസങ്ങളിൽ ഇതു സംബന്ധിച്ചു വ്യക്തത വരും എന്നാണ് പ്രതീക്ഷിക്കുന്നത്.

കൊലപാതകത്തിന് മുൻപ് രഖിൽ സഹോദരന് മെസ്സേജ് അയച്ചു.ജീവിതം തകർന്നെന്ന് ആയിരുന്നു സന്ദേശം.നേരത്തെ ഒരു പ്രണയം ഉണ്ടായിരുന്നത് തകർന്ന ശേഷമാണ് മാനസയെ രഖിൽ പരിചയപ്പെടുന്നത്.

മാനസയെ രഖിൽ ആസൂത്രിതമായാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കണ്ണൂർ സ്വദേശിയായ രഖിൽ ഇതിനായി മാസങ്ങളോളം കോതമംഗലത്ത് തങ്ങി. മാനസ താമസിച്ചിരുന്ന വീട്ടിൽ നിന്ന് അൻപത് മീറ്റർ മാറിയുള്ള വാടകമുറിയിലാണ് രഖിൽ താമസിച്ചിരുന്നത്. മാനസയുടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചു. രഖിലിനെ പകൽസമയത്ത് മുറിയിൽ കാണാറില്ലെന്നാണ് വീട്ടുടമ നൂറുദ്ദീൻ പറയുന്നത്. ദിവസങ്ങളോളം കാണാതെ വന്നതോടെ വിളിച്ചപ്പോൾ കച്ചവട ആവശ്യങ്ങൾക്കായി പാലക്കാട് പോയെന്നായിരുന്നു മറുപടി. രഖിലിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

അതേസമയം മാനസയുടെയും രഖിലിന്റെ പോസ്റ്റ്‌മോർട്ടം ഉടൻ നടക്കും. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടത്തുക. ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കോളജിന് സമീപമുള്ള വാടക വീട്ടിലെത്തിയാണ് രഖിൽ, മാനസയെ കൊലപ്പെടുത്തിയത്. തുടർന്ന് രഖിൽ സ്വയം വെടിയുതിർത്തുകയായിരുന്നു. നാട്ടുകാാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു.