കൊല്ലം: വിമാനാപകടത്തില്‍ മരിച്ചെന്ന് കരുതിയ സജാദ് തങ്ങള്‍ നാല് പതിറ്റാണ്ടുകൾക്ക് ശേഷം ജന്മനാട്ടില്‍ മടങ്ങിയെത്തി. 1976ല്‍ നടന്ന വിമാനാപകടത്തില്‍ സജാദ് തങ്ങള്‍ മരിച്ചെന്നായിരുന്നു കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ കരുതിയിരുന്നത്. തുടര്‍ന്ന് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് അദ്ദേഹം നാട്ടില്‍ മടങ്ങിയെത്തിയിരിക്കുന്നത്. 1971ലാണ് സജാദ് ഗള്‍ഫിലേക്ക് പോയത്.
യുഎഇയില്‍ സിനിമാ വിതരണ രംഗത്ത് പ്രവര്‍ത്തച്ചിരുന്ന സജാദ് തങ്ങള്‍ അന്ന് മലയാള സിനിമാ താരങ്ങള്‍ക്ക് ദുബായില്‍ താരനിശകളും മറ്റ് പരിപാടികളും സംഘടിപ്പിക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. ഇതിന്റെ ഭാഗമായി അക്കാലത്തെ പ്രശസ്ത നടിയും സൗന്ദര്യ മത്സര ജേതാവുമായിരുന്ന റാണി ചന്ദ്രയുടെ ഒരു നൃത്തപരിപാടിയും സംഘടിപ്പിച്ചിരുന്നു.
മടക്കയാത്രയില്‍ സംഘത്തോടൊപ്പം നാട്ടിലേയ്ക്ക് വരാന്‍ സജാദ് തങ്ങള്‍ തീരുമാനിച്ചിരുന്നെങ്കിലും ചില ജോലികളുടെ ഭാഗമായി അദ്ദേഹത്തിന് മടങ്ങാന്‍ സാധിച്ചില്ല. പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഉണ്ടായ വിമാനാപകടത്തില്‍ റാണി ചന്ദ്രയും കുടുംബാംഗങ്ങളും അടക്കം 95 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈ അപകടത്തില്‍ സംഘാടകനായ സജാദും കൊല്ലപ്പെട്ടു എന്നായിരുന്നു വീട്ടുകാരും സുഹൃത്തുക്കളും ധരിച്ചിരുന്നത്.
തനിക്കെതിരെ അന്വേഷണം വരുമോയെന്ന ഭയം കാരണം അദ്ദേഹം പിന്നീട് നാട്ടിലേയ്ക്ക് മടങ്ങാന്‍ തയ്യാറായില്ല. സംഭവത്തിന് ശേഷം സജാദ് തങ്ങള്‍ക്ക് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് അനുഭവപ്പെടുകയും മാനസിക സംഘര്‍ഷമുണ്ടാകുകയും ചെയ്തു. ഇതോടെ അദ്ദേഹം മുംബൈയില്‍ എത്തി.
മുംബൈയില്‍ പല ജോലികളും ചെയ്താണ് സജാദ് തങ്ങള്‍ ജീവിച്ചിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹം മുംബൈയിലെ സിയാല്‍ ആശ്രമത്തില്‍ കഴിയുകയായിരുന്നു. 2019ല്‍ സുഹൃത്താണ് മുംബൈ ഘാട്‌കോപ്പറിലെ താമസസ്ഥലത്തു നിന്ന് അദ്ദേഹത്തെ ആശ്രമത്തിലെത്തിച്ചത്. ആശ്രമത്തില്‍ നിന്ന് അറിയിച്ചത് അനുസരിച്ച് ബന്ധുക്കളാണ് സജാദ് തങ്ങളെ നാട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്.