റോഡരികിൽ കച്ചവടം ചെയ്ത വയോധികയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ചതില്‍ ന്യായീകരണവുമായി പോലീസ്; പോലീസിനെതിരേ വ്യാപക പ്രതിഷേധം

കൊല്ലം: ഇതുപോലെ ന്യായീകരിക്കാന്‍ ഉളുപ്പുണ്ടോ? റോഡരികിലിരുന്നു കച്ചവടം ചെയ്ത വയോധികയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ചതില്‍ ന്യായീകരണവുമായെത്തിയ കേരള പോലീസിൻ്റെ ഫെയ്സ് ബുക്ക് പേജിൽ വന്ന കമൻ്റാണിത്. നിയന്ത്രണം ലംഘിച്ചു കച്ചവടം നടത്തിയപ്പോള്‍ ആളു കൂടുകയും തുടര്‍ന്നു പൊലീസ് നടപടിയെടുക്കുകയുമായിരുന്നുവെന്നാണ്, ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പൊലീസ് നല്‍കുന്ന വിശദീകരണം. ഇതിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.

പാരിപ്പള്ളി പരവൂര്‍ റോഡില്‍ പാമ്പുറത്തു കഴിഞ്ഞ ദിവസമാണ് സംഭവം. അഞ്ചുതെങ്ങ് സ്വദേശിയായ മേരിയുടെ മത്സ്യമാണ് പൊലീസ് നശിപ്പിച്ചത്. ഇവരുടെ മീന്‍കുട്ട വലിച്ചെറിഞ്ഞതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് പൊലീസ് നടപടിക്കെതിരെ ഉയര്‍ന്നത്.

മത്സ്യവിപണന സ്ത്രീകൾക്കെതിരെയുള്ള പോലീസിന്റെ അതിക്രമങ്ങൾക്ക് ശക്തമായ നടപടി ആവശ്യപ്പെട്ട് അഞ്ചുതെങ് ഇടവക സമിതിയുടെ നേതൃത്വത്തിൽ സൂചനാ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
അഞ്ചുതെങ് ഇടവക വികാരി ഫാ. ലൂസിയാൻ തോമസ് സമരം ഉദ്ഘാടനം ചെയ്തു. ഫാദർ ഷാജിൻ ജോസ്, ആന്റണി ദേവദാസ്, അനിതാ ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.

വില്‍പനയ്ക്കായി പലകയുടെ തട്ടില്‍ വച്ചിരുന്ന മീന്‍ തട്ടോടുകൂടി പൊലീസ് വലിച്ചെറിഞ്ഞെന്നാണ് ഇവര്‍ പറയുന്നത്. രോഗ ബാധിതനായ ഭര്‍ത്താവ് ഉള്‍പ്പെടെ കുടുംബത്തിലെ ആറോളം പേരുടെ അന്നമാണ് പൊലീസ് തട്ടിത്തെറുപ്പിച്ചതെന്നും മേരി പറഞ്ഞു.

മീന്‍വില്‍പ്പനയുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വിഡിയോ വസ്തുതാവിരുദ്ധമാണെന്നാണ് പൊലീസ് പറയുന്നത്. കൊറോണ വ്യാപനം രൂക്ഷമായ ഡി കാറ്റഗറിയില്‍ പെട്ട സ്ഥലത്ത് എല്ലാ കച്ചവടങ്ങള്‍ക്കും ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതു ലംഘിച്ചുകൊണ്ടു കച്ചവടം നടത്തിയപ്പോള്‍ നടപടിയെടുത്തു എന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ മീന്‍കുട്ട വലിച്ചെറിഞ്ഞതിനെക്കുറിച്ച് പൊലീസ് വിശദീകരണത്തില്‍ ഒന്നും പറയുന്നില്ല.

പൊലീസിന്റെ വിശദീകരണത്തിന് അടിയില്‍ രൂക്ഷമായ പരിഹാസവും വിമര്‍ശനവുമാണ് ഉയരുന്നത്. നിയമപ്രകാരമാണ് നടപടിയെടുത്തതെങ്കില്‍ മീന്‍ എറിഞ്ഞവര്‍ക്കെതിരെയും നടപടിയെടുക്കാന്‍ കമന്റുകളില്‍ ആവശ്യം ഉയര്‍ന്നു.