പത്തനംതിട്ട: പാലാ രൂപതക്ക് പിന്നാലെ കൂടുതൽ കുട്ടികളുള്ളവർക്ക് സഹായം പ്രഖ്യാപിച്ച് സിറോ മലങ്കര പത്തനംതിട്ട രൂപതയും. നാലോ അതിലധികോ കുട്ടികളുളള കുടുംബങ്ങൾക്ക് പ്രതിമാസം 2000 രൂപ രൂപതയിൽ നിന്ന് നൽകും.
നാലാമത്തെ കുഞ്ഞിന്‍റെ ജനനം മുതൽ പ്രസവ ചെലവിലേക്ക് സാമ്പത്തിക സഹായം ആവശ്യമെങ്കിൽ നൽകും. രണ്ടായിരത്തിനുശേഷം വിവാഹിതരായ രൂപത അംഗങ്ങൾക്കാണ് സഹായം. ഇത്തരം കുടുംബങ്ങളിൽ നിന്നുളളവർക്ക് സഭാ സ്ഥാപനങ്ങളിൽ ജോലിക്ക് മുൻഗണന നൽകുമെന്നും രൂപത പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
ഇത്തരം കുടുംബങ്ങളിൽ നിന്നുളള കുട്ടികൾക്ക് രൂപതയുടെ സ്കൂളുകളിൽ അഡ്മിഷന് മുൻഗണന നൽകും. ഈ കുടുംബങ്ങളെ ആധ്യാത്മിക കാര്യങ്ങളിൽ മുന്നോട്ട് നയിക്കാൻ ഒരു വൈദികനേയും കന്യാസ്ത്രീയേയും ചുമതലപ്പെടുത്തുമെന്നും സർക്കുലർ വ്യക്തമാക്കുന്നു.
കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിക്കാൻ ദമ്പതികളെ ഒരുക്കുന്നതിനു വേണ്ടിയാണ് ഇത് നൽകുന്നതെന്ന് രൂപത അധ്യക്ഷൻ സാമുവേൽ മാർ ഐറേനിയോസ് വ്യക്തമാക്കി.