ലക്നോ: പ്രതിയുടെ ജാമ്യം നിരസിച്ച ജഡ്ജിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. ജാർഖണ്ഡിനു പിന്നാലെ ഉത്തർപ്രദേശിലാണ് ജഡ്ജിയെ വധിക്കാൻ ശ്രമം നടന്നത്. ഫത്തേപുർ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി (സ്പെഷൽ ജഡ്ജി പോക്സോ ആക്ട്) മുഹമ്മദ് അഹ്മദ് ഖാനു നേരെയാണ് വധശ്രമം ഉണ്ടായത്.
ജഡ്ജി സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെയാണ് ആക്രമണം ഉണ്ടായത്. കൗഷാംബിയിലെ ചക്വാൻ ഗ്രാമിത്തിനു സമീപംവച്ച് അദ്ദേഹം സഞ്ചരിച്ച കാറിൽ ഇന്നോവ ഇടിപ്പിച്ചാണ് അപകടമുണ്ടാക്കിയത്. ആക്രമണത്തിൽ ജഡ്ജിയുടെ ഗണ്മാന് പരിക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ചയുണ്ടായ സംഭവത്തിൽ വെള്ളിയാഴ്ചയാണ് ജഡ്ജി പോലീസിൽ പരാതി നൽകിയത്. റോഡപകടം സൃഷ്ടിച്ച് തന്നെ വധിക്കാൻ ശ്രമിച്ചുവെന്നാണ് ജഡ്ജി പരാതിയിൽ പറയുന്നത്. കഴിഞ്ഞ ഡിസംബറിൽ ഒരു പ്രതിയുടെ ജാമ്യം നിരസിച്ച സാഹചര്യത്തിൽ തനിക്ക് ബറേലിയിൽ വധഭീഷണി ഉണ്ടായിരുന്നതായും, ആ യുവാവ് കൗഷാംബി നിവാസിയാണെന്നും ജഡ്ജി പറഞ്ഞു.